രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ചു

  • രാജപുരം: ഭാരതത്തിലടക്കം ദൈവ വചനത്തിന് വിലങ്ങ് വയ്ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിന്‍മയും അനീതിയും വര്‍ധിക്കുമ്പോള്‍ കണ്‍വെന്‍ഷനുകളിലൂടെ ഹൃദയത്തില്‍ പകരുന്ന ദൈവവചനം വിശ്വാസികളെ നന്‍മയിലേക്ക് നയിക്കും. പാപത്തിന്റെ കാഠിന്യം കൊണ്ട് ദൈവത്തെ മറന്നവര്‍ക്ക് അനുരഞ്ജന കൂദാശയിലൂടെ മനസ്സിനെ നിര്‍മ്മലമാക്കാനും കഴിയും. ഇതൊക്കെ തിരിച്ചറിഞ്ഞ് അധ്വാനിക്കാനുള്ള മനസ്സും ഉറച്ച ദൈവ വിശ്വാസവും കൈമുതലാക്കിയാണ് പൂര്‍വ പിതാമഹന്‍മാര്‍ മലബാറിന്റെ മലയോരത്തേക്ക് കുടിയേറിയത്. ദൈവവിശ്വാസത്തിലൂന്നി അവര്‍ പകര്‍ന്ന വെളിച്ചമാണ് പുതിയ തലമുറയ്ക്ക് കരുത്ത് പകരുന്നതെന്നും അവരുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കുടിയേറ്റ ജനതയ്ക്ക് ആകണമെന്നും മെത്രാപൊലീത്ത തുടര്‍ന്ന് പറഞ്ഞു. വേദിയില്‍ ദിവ്യബലി അര്‍പ്പിച്ച ശേഷം കണ്‍വെന്‍ഷന്‍ വേദിക്ക് സമീപം കിടപ്പ് രോഗികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തെത്തി രോഗശാന്തി ശുശ്രൂഷയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് സമീപമെത്തി അദ്ദേഹം പ്രാര്‍ഥിച്ചു.
    പതിനായിരങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍ സമാപന ദിനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് രാജപുരം, പനത്തടി ഫൊറോനകള്‍ക്ക് കീഴിലെ വൈദീകര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് കണ്‍വെന്‍ഷന് സമാപനം കുറിച്ച് ഗ്രൗണ്ടില്‍ വിശ്വാസികള്‍ ദിവ്യ കാരുണ്യ പ്രദക്ഷിണം നടത്തി. അഞ്ച് ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷന്റെ ഭാഗമായി ഓരോ ദിവസവും നടന്ന ദിവ്യബലിക്ക് തലശേരി അതിരൂപതാ മെത്രാപോലീത്ത മാര്‍. ജോര്‍ജ് ഞരളിക്കാട്ട്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശേരില്‍, തലശേരി അതിരൂപതാ വികാരി ജനറല്‍ ജോര്‍ജ് എളുക്കുന്നേല്‍, കണ്‍വെന്‍ഷന്‍ നയിക്കുന്ന ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്‍മനാല്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികതത്വം വഹിച്ചു. കുടിയേറ്റ ജനതയ്ക്കൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കര്‍ണാടകയിലെ ക്രിസ്ത്യന്‍ കുടിയേറ്റ ഗ്രാമങ്ങളില്‍ നിന്നുമടക്കം70000-ല്‍ പരം വിശ്വാസികളാണ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കാനെത്തിയത്.

Leave a Reply