മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ആദ്യ മത്സരത്തില്‍ തന്നെ കിരിടം നേടിക്കൊടുത്ത് നാലാം ക്ലാസ്സുകാരി ആര്യ

രാജപുരം: കമ്പക്കയറിനെ കുഞ്ഞികൈകളില്‍ ഏറ്റുവാങ്ങി നാലാം ക്ലാസ്സുകാരി ആര്യ മുന്നില്‍ നിന്നു നയിച്ചു. വാശിയേറിയ വനിതാ വടംവലി മത്സരത്തില്‍ ടിമുകളെ ഒന്നൊന്നായി പരാജയപ്പെടുത്തി കിരിടം സ്വന്തമാക്കി മെട്രോ മണലില്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പനത്തടി പഞ്ചായത്ത് റാണിപുരത്ത് സംഘടിപ്പിച്ച ഓണത്സവത്തിന് നടത്തിയ വനിതാ വടംവലി മത്സരത്തിലാണ് എട്ടുവയസ്സുകാരി മുന്നില്‍നിന്ന് നയിച്ച് മെട്രോ മണലിനെ കിരിടത്തിലോക്ക് നയിച്ചത്. കിഴുക്കുകര മുച്ചിലോട്ട് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ആര്യയുടെ കന്നി മത്സരമായിരുന്നു ഇത്. അംഗങ്ങളുടെ തൂക്കം 420 കിലോ എന്ന് സംഘാടകര്‍ നിജപ്പെടുത്തിയതിനാലാണ് മുതിര്‍ന്ന വനിതയ്ക്ക് പകരമാക്കി കുഞ്ഞ് ആര്യ മത്സരത്തിനിറങ്ങിയത്. ജില്ലാ താരങ്ങളടങ്ങിയ ടീമിന്റെ ക്യാപ്റ്റന്‍ കെ. പത്മജയും മാനേജര്‍ കെ.സി.രാജീവനുമാണ്. മത്സരത്തില്‍ മിന്നാട് പിപ്പിള്‍സ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗം വടംവലി മത്സരത്തില്‍ ടൗണ്‍ ടീം ഉദുമ ഒന്നാം സ്ഥാനവും സ്‌പോര്‍ട്ട്‌സ് സെന്റര്‍ ബാനം രണ്ടാം സ്ഥാനവും നേടി.