മലബാർബീറ്റ്സ് വാർത്തകൾ

കന്‍സര്‍രോഗിയായ ആദിവാസി സ്ത്രീക്ക് റേഷന്‍കാര്‍ഡ് നിഷേധിച്ച് അധിക്യതര്‍

രാജപുരം: കാന്‍സര്‍രോഗിയായ ആദിവാസി സ്ത്രീക്ക് റേഷന്‍കാര്‍ഡ് നിഷേധിച്ച് അധിക്യതര്‍. ആഴ്ചകളോളമായി റേഷന്‍ ആനുകൂല്യം ലഭിക്കാതെ മൂന്നംഗകുടുംബം പട്ടിണിയില്‍. ഓണത്തിനും അരിയില്ല. കോടോം ബോളൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ നായ്ക്കമോട്ട എസ്ടി കോളനിയില്‍ കാന്‍സര്‍ രോഗം ബാധിച്ചു ദുരിതമനുഭവിക്കുന്ന നാല്‍പത്തിമൂന്നു വയസ്സുളള മാധവിക്കാണ് രേഖകളെല്ലാം ഉള്‍പ്പെടെ അപേക്ഷനല്‍കിയിട്ടും പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാത്തത്. മാധവി, സഹോദരന്‍ തേറ്, ഇവരുടെ ഇളയച്ഛന്‍ കമ്മാടന്‍ എന്നിവരാണ് കാര്‍ഡിലെ ഗുണഭോക്താകള്‍. ഇവര്‍ക്ക് നേരത്തേ ബിപിഎല്‍ റേഷന്‍കാര്‍ഡ് അനുവദിച്ചിരുന്നു. കിടപ്പിലായ മാധവിക്ക് നടക്കാന്‍ സാധിക്കാത്തതിനാല്‍ സഹോദരന്‍ തേറിന്റെ ഫോട്ടോ എടുത്താണ് കാര്‍ഡിന് അപേക്ഷിച്ചത്. കാര്‍ഡിന്റെ കരടു പട്ടികയില്‍ ഇവരുണ്ട്. എന്നാല്‍ തേറിന് കാര്‍ഡ് ലഭിച്ചിട്ടില്ല. പുതിയ റേഷന്‍കാര്‍ഡ് ഇല്ലാത്താതിനാല്‍ ആഴ്ചകളായി റേഷന്‍സാധനങ്ങളും നല്‍കുന്നില്ല. മാധവി കിടപ്പിലായതിനാല്‍ തേറ് പണിക്കുപോകുന്നില്ല. അരപ്പട്ടിണിയിലാണ് ജീവിതം. താലൂക്ക് സപ്ലൈ ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ കാര്‍ഡ് കാണനില്ലെന്ന മറുപടിയാണ് ലഭിച്ചത്. രേഖകളിലും തേറിന്റെ കുടുംബത്തിന്റെ വിവരങ്ങളില്ല. പിന്നെ കരടു പട്ടികയില്‍ എങ്ങനെ വന്നുവെന്ന ചോദ്യയത്തിനു മറുപടിയില്ല. ഏതായാലും അധികൃതരുടെ അലംഭാവം തേറിനും കുടുംബത്തിനും സമ്മാനിച്ചത് പട്ടിണിയാണ്. രണ്ടുമാസം കഴിഞ്ഞാല്‍ കാര്‍ഡ് നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞതായി തേറ് പറയുന്നു. പക്ഷെ അതുവരെ എങ്ങനെ പട്ടിണിയില്ലാതെ ജീവിക്കുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. നല്‍കിയ വിവരങ്ങള്‍ പ്രകാരം താഴെത്തട്ടിലുളള എവൈഎ (അന്ത്യയോജന അന്നപൂര്‍ണ) കാര്‍ഡ് ആണ് ഇവര്‍ക്ക് ലഭിക്കേണ്ടത്. നേരത്തേ നല്‍കിയ വിവരങ്ങള്‍ താലൂക്ക് കേന്ദ്രത്തില്‍ ഇല്ലാത്ത സ്ഥിതിക്ക് നിലവിലുളള ബിപിഎല്‍, എപിഎല്‍ പ്രശ്‌നങ്ങളും തെറ്റുതിരുത്തലും പരിഹരിച്ച ശേഷം പുതിയ അപേക്ഷ സ്വീകരിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.