മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

തിരുവോണ നാള്‍ എത്തിയിട്ടുംപ്രതീക്ഷിച്ച ആഘോഷ തിരക്കില്ലാതെ മലയോരത്തെ വ്യാപാര മേഖല

 

രാജപുരം: തിരുവോണ നാള്‍ എത്തിയിട്ടുംപ്രതീക്ഷിച്ച ആഘോഷ തിരക്കില്ലാതെ മലയോരത്തെ വ്യാപാര മേഖല. പ്രധാന വസ്ത്ര സ്ഥാപനങ്ങളിലും പച്ചക്കറി വില്‍പന കേന്ദ്രങ്ങളിലും തിരക്കേറിയിട്ടുണ്ടെങ്കിലും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ വലിയ തിരക്ക് തുടങ്ങിയിട്ടില്ല. വാര്‍ധക്യ കാല പെന്‍ഷനുകളും മറ്റും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ലഭിച്ചതും കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി മലയോര ടൗണുകളില്‍ ആരംഭിച്ച ഓണം-ബക്രീദ് ചന്തകളും കുടുംബങ്ങള്‍ക്ക് ഗുണകരമായി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍ക്കാര്‍ ഓണചന്തകളും മാവേലി സ്റ്റോറുകളും സജീവമായതാണ് പലചരക്ക് കച്ചവട മേഖലയില്‍ മാന്ദ്യത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റബറിന്റെ വിലയിടിവും നിലവില്‍ മെച്ചപ്പെട്ട വിലയുള്ള തേങ്ങയുടെ ഉത്പാദനകുറവും കാര്‍ഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്. ജി.എസ്.ടി. നിലവില്‍ വന്നതോടെ ചില ഉത്പന്നങ്ങള്‍ക്ക് വില കൂടിയത് ഇലക്ട്രോണിക്സ്-ഇലക്ട്രിക്കല്‍ രംഗത്ത് വലിയ തോതില്‍ കച്ചവടത്തെ പിന്നോട്ടടിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ കണ്‍വീനറും ഇലക്ട്രിക്കല്‍ ഷോപ്പുടമയുമായ രാജപുരത്തെ സി.ടി.ലൂക്കോസ് പറയുന്നു. ഇതൊക്കെയാണെങ്കിലും ജില്ലയിലെ പ്രധാന ടൗണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാത്തരം ഉത്പന്നങ്ങളും മലയോര മേഖലയിലെ കടകളിലും വില്‍പ്പനക്കെത്തിയിട്ടുണ്ട്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പല സ്ഥലങ്ങളിലും ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നതാണ് എല്ലാ വിഭാഗം ഉത്പന്നങ്ങളും മലയോരവിപണിയിലേക്കും എത്താന്‍ സഹായിച്ചത്. ഇതോടെ വാഹനം നിര്‍ത്തിയിടാന്‍ പോലും സ്ഥല സൗകര്യമില്ലാത്ത കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് തുടങ്ങിയ ജില്ലയിലെ പ്രധാന ടൗണുകളിലേക്കുള്ള മലയോരവാസികളുടെ ഷോപ്പിംഗ് യാത്ര കുറയുമെന്നാണ് കരുതുന്നത്. ഇതു മുതലെടുത്ത് എല്ലാതരം ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. ഓണക്കാലത്ത് ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ നല്‍കുന്ന തരത്തില്‍ മലയോരത്തെ വ്യപാരികളും പ്രത്യേക ഇളവുകളും, കൂപ്പണുകളും, സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് വ്യാപാരം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വസ്ത്ര വ്യാപാര മേഖലയില്‍ ഈവര്‍ഷം തിരക്കേറിയിട്ടുണ്ട്. ഉത്രാട ദിനമെത്തുന്നതോടെ ഇനിയും തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീഷിക്കുന്നത്. വലിയ ടൗണുകളില്‍ ഉള്ളതുപോലെ വഴിയോര ചന്തകള്‍ മലയോരത്തില്ലാത്തതും വസ്ത്ര വ്യാപാരികള്‍ക്ക് ഗുണം ചെയ്യും.