ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

മലയോരത്തിന് ഓണ സമ്മാനമായി കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ്

കാലിച്ചാനടുക്കം: മലയോരത്തിന് ഓണ സമ്മാനമായി ലഭിച്ച കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാടു നിന്നും മലയോര മേഖലയായ എണ്ണപ്പാറ, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട് വഴി കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചാണ് ബസ്സ് കടന്നു പേകുന്നത്. ശനിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നിന്നും ആരംഭിക്കുന്ന സര്‍വീസിന് എണ്ണപ്പാറ, തായന്നൂര്‍, കാലിച്ചാനടുക്കം, പരപ്പ എന്നിവിടങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്ത്, സി.പി.എം. എളേരി ഏരിയാ കമ്മിറ്റി, മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിയേഷന്‍ എന്നിവര്‍ ഡയറക്ട് ബോര്‍ഡംഗം ടി.രാജന്‍ മുഖേന കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബസ്സ് സര്‍വീസ് അനുവദിച്ചത്. തീവണ്ടി സൗകര്യമില്ലാത്ത കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് തീര്‍ഥാടന കേന്ദ്രങ്ങളായ ശബരിമല, ചെറുകോല്‍പുഴ, ആറന്‍മുള, മാരാമണ്‍, ഭരണങ്ങാനം, പരുമല, മഞ്ഞനിക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ ബസ്സ് സര്‍വീസ് ഗുണകരമാകും. എല്ല ദിവസവും വൈകുന്നേരം 5.30-ന് കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട് രാവിലെ എട്ടോടെ പത്തനംതിട്ടയില്‍ എത്തും. പത്തനംതിട്ടയില്‍ നിന്നും വൈകുന്നേരം 6.15-ന് പുറപ്പെട്ട് രാവിലെ ഒമ്പതോടെ കാഞ്ഞങ്ങാട്ടെത്തും.