മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

സംസ്ഥാനപാതയിലെ പൂടംകല്ല് ടൗണിനു സമീപം കുഴികളടച്ച് ഒരുപറ്റം യുവാക്കള്‍

രാജപുരം: ദേശീയപാതാ പ്രഖ്യാപനം വന്നതോടെ അറ്റകുറ്റപ്പണി നടത്താന്‍പോലും അധികൃതര്‍ മറന്ന കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയിലെ കുഴികളടയ്ക്കാന്‍ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. അഭിനന്ദനമറിയിച്ച്, തകര്‍ന്നുകിടക്കുന്ന പാതയിലൂടെ സ്ഥിരം യാത്രചെയ്ത് നടുവൊടിയാറായ വാഹനയാത്രക്കാരും. സംസ്ഥാനപാതയില്‍ പൂടംകല്ല് ടൗണിനു സമീപം പൂര്‍ണമായി തകര്‍ന്നുകിടക്കുന്ന ഭാഗങ്ങളാണ് കൊല്ലരംകോട്, പൂടംകല്ല് യൂണിറ്റുകളിലെ 25-ഓളം വരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചെങ്കല്ലും മണ്ണുമുപയോഗിച്ച് നന്നാക്കിയത്. പാതയോരത്തുനിന്നും പരിസരങ്ങളില്‍നിന്നുംആവശ്യമായ കല്ലും മണ്ണും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ എത്തിച്ചായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ശ്രമദാനം. ഡി.വൈ.എഫ്.ഐ. പനത്തടി ബ്ലോക്ക് കമ്മിറ്റിയംഗം ജുനൈദ് മുഹമ്മദ്, ജോമോന്‍ ജോസ്, എസ്.സൂധിഷ്, എസ്.മഹേഷ്. സന്ദീപ് കൃഷ്ണന്‍, എന്നിവര്‍ നേത്യത്വം നല്‍കി. സംസ്ഥാനപാതയില്‍ എഴാംമൈല്‍ മുതല്‍ പാണത്തൂര്‍ വരെയുളള ഭാഗംപൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും നവീകരണത്തിന്റെയും ദേശീയപാതയുടെയും പേരുപറഞ്ഞ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാമണ് റോഡ് പൂര്‍ണമായും തകരാന്‍ കാരണം.