ദേവകന്യകയായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഒന്‍പത് വയസ്സുകാരന്‍

  • രാജപുരം: ഒടയംചാല്‍ കുന്നിനു മീതെനിന്നും ബാഗമണ്ഡലം പാക്കത്തിക്കൊല്ലിവരെ നീളുന്ന ഒന്‍പത് കാതം നാട്.ഈ നാടിന്റെ ചൈതന്യമായ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതിക്ഷേത്ര തിരുമുറ്റത്ത് ചരിത്ര നിയോഗവുമായി തെയ്യക്കോലമണിഞ്ഞ് ഒന്‍പത് വയസുകാരന്‍. പനത്തടി സ്വദേശിയും തെയ്യം കലാകാരനുമായ മഡിയന്‍ കുമാരന്‍ കര്‍ണമൂര്‍ത്തിയുടെ മകന്‍ പരക്കോട്ട് വീട്ടില്‍ പി.വി. അനുഗ്രഹിനാണ് കിഴക്കിന്റെ കൂലോത്തെ തെയ്യാട്ട വേദിയില്‍ തെയ്യക്കോലമണിയാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്. ക്ഷേത്രത്തില്‍ മുന്നായര്‍ ഈശ്വരന്റെ തിരുമുടിയേറ്റുന്ന പിതാവ് കുമാരന്‍ കര്‍ണമൂര്‍ത്തിയുടെ ആഭ്യര്‍ഥന മാനിച്ച് കാട്ടൂര്‍ നായരാണ് അനുഗ്രഹിന് തെയ്യക്കോലമണിയാനുള്ള അനുവാദം കൊടുത്തത്. പിച്ചവയ്ക്കും കാലം മുതല്‍ പിതാവിനും മറ്റ് തെയ്യം കലാകാരന്‍മാര്‍ക്കുമൊപ്പം ദൈവക്കോല സന്നിധികളായ ക്ഷേത്രങ്ങളിലും കാവുകളിലും ചുറ്റി സഞ്ചരിച്ചാണ് അനുഗ്രഹ് അനുഷ്ടാന കലയുടെ അറിവ് കൈമുതലാക്കിയത്. തുടര്‍ന്ന് ഉത്തരമലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തുളുര്‍വന സന്നിധിയില്‍ 21 ഗുരുക്കന്‍മാരുടെ അനുഗ്രഹത്തോടെയാണ് കന്നിത്തെയ്യക്കോലമണിയുന്നത്. വ്യാഴാഴ്ച രാവിലെ കെട്ടിയാടിയ ദേവരാജാവും ദേവ കന്യകയും ദൈവകോലങ്ങളില്‍ ദേവ കന്യകയായാണ് അനുഗ്രഹ് അരങ്ങിലെത്തിയത്. ദേവരാജാവായി മഡിയന്‍ ഷൈബു ചിങ്കവും അരങ്ങിലെത്തി. ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അനുഗ്രഹ്. മാതാവ് ഗൗരി.

ശിവന്‍ പൂടംകല്ല്

Leave a Reply