രാജപുരം-ബളാല്‍ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും

  • രാജപുരം: രാജപുരം-ബളാല്‍ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. അടങ്കലില്‍ മാറ്റം വരുത്തി നവീകരികരണം നടക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ കനിയണം. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വെള്ളരിക്കുണ്ട് താലൂക്കിലേക്ക് എളുപ്പത്തില്‍ എത്തിചേരാവുന്ന റോഡിന്റെ നവീകരണമാണ് അധികൃത അനാസ്ഥയില്‍ നീളുന്നത്. രാജപുരം മുതല്‍ പുഞ്ചക്കര വരെയുള്ള 3.5 കിലോമീറ്റര്‍ ഭാഗം മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. 2.74 കോടി രൂപയായിരുന്നു ഇതിന്റെ അടങ്കല്‍ തുക. നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് എന്‍.എം.ഐ.ടിയുടെ നേതൃത്വത്തില്‍ ഇതുവഴിയുള്ള വാഹന സാന്ദ്രതയെ കുറിച്ചടക്കം സര്‍വേയും നടത്തി. തുടര്‍ന്ന് വാഹന സാന്ദ്രത കുറവാണെന്ന കാരണം പറഞ്ഞ് മെക്കാഡം ടാറിംഗ് ഒഴിവാക്കി. പകരം ഈ തുക ഉപയോഗിച്ച് സാധാരണ ടാറിംഗ് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മെക്കാഡം ടാറിംഗിനായി നിശ്ചയിച്ച അടങ്കല്‍ തുക 3.5 കിലോമീറ്ററിന്റെ സാധാരണ ടാറിംഗിന് അധികമാണെന്നും ഈ തുക ഉപയോഗിച്ച് ഒന്‍പത് കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് പൂര്‍ണമായും നവീകരിക്കണമെന്നും ചീഫ് എന്‍ജിനിയര്‍ നിര്‍ദേശിച്ചു. ഇതു പ്രകാരം ജില്ലാ പഞ്ചായത്ത് സാങ്കേതിക വിഭാഗം നവീകരണ പ്രവൃത്തികള്‍ക്കായി നിരവധി തവണ കരാര്‍ ക്ഷണിച്ചെങ്കിലും അടങ്കല്‍ തുക കുറവായതിനാല്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും കരാര്‍ ക്ഷണിച്ചെങ്കിലും അടങ്കലിന്റെ 18 ശതമാനം വര്‍ധനവ് വരുത്തിയുള്ള കരാര്‍ അപേക്ഷയാണ് ലഭിച്ചത്. ഇത്തരത്തില്‍ കൂടിയ തുകയ്ക്ക് കരാര്‍ നല്‍കാനാകട്ടെ ജില്ലാ പഞ്ചായത്തിന് അധികാരവുമില്ല. ഇതോടെ റോഡ് പണി അനിശ്ചിതമായി നീളാനാണ് സാധ്യത. പ്രശ്നത്തിന് പരിഹാരം കാണാനായി സര്‍ക്കാരിനെ സമീപിക്കാനാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി റോഡിന് കൂടുതല്‍ തുക വകയിരുത്താന്‍ അനുമതി നല്‍കിയാല്‍ മാത്രമെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് പണി ആരംഭിക്കാന്‍ സാധിക്കുകയുള്ളു. ഇതിനിടെ നവീകരണത്തിന്റെ പേരില്‍ അറ്റകുറ്റപ്പണിപോലും നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

Leave a Reply