രാജപുരം : കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് രാജപുരം കോളേജിലെ 82 വിദ്യാർത്ഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടിയതിൽ പ്രചോദനം ഉൾക്കൊണ്ട്, കോളേജിന്റെ സ്റ്റുഡന്റ് പ്രോഗ്രഷൻ സെല്ല് ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടി ആയ ലൂമിനറി 2024 കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.കെ.കെ.സാജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോബി കെ.ജോസ് ചടങ്ങിൽ പങ്കെടുത്തു . പ്രതികൂല സാഹചര്യങ്ങൾ ഫലപ്രദമായ കൈകാര്യം ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യം എന്നും, പ്രതിസന്ധികളെ അതിജീവിച്ച് എത്ര ദൂരം മുന്നോട്ടുപോകുന്നു എന്നതിനെ ആശ്രയിച്ച് കൂടുതൽ വിജയങ്ങൾ ഉണ്ടാകും എന്നും വൈസ് ചാൻസിലർ പറഞ്ഞു . സെന്റ് പയസ്സ് ടെൻത് കോളേജ് പ്രതിസന്ധികളെ അതിജീവിച്ച വിദ്യാർത്ഥികളുടെ വിജയകഥയാണ് പറയുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു . പ്രതിസന്ധികളെ നേരിട്ട് കൊണ്ട് ഐഐടികൾ , ഐ ഐ ഐ ടി കൾ, എൻഐടികൾ ഉൾപ്പെടെയുള്ള വിവിധങ്ങളായ മികവിന്റെ കേന്ദ്രങ്ങളിൽ ആണ് 7 കോഴ്സുകളിൽ നിന്നായി 82 വിദ്യാർത്ഥികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്രവേശനം നേടിയത്. ബികോം കോഴ്സ് 2024 വർഷത്തിൽ പഠിച്ചിറങ്ങിയ 25 വിദ്യാർത്ഥികളും, കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് 52 ബിബിഎ വിദ്യാർഥികളും കൊണ്ടുവന്ന നേട്ടത്തിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ലൂമിനറി എന്ന പേരിൽ വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുന്നത് എന്ന് പ്രിൻസിപ്പാൾ ഡോ.ബിജു ജോസഫ് അറിയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 50 വിദ്യാർഥികൾ ഈ വർഷം മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടുവാൻ ലക്ഷ്യമിടുന്നതായി കോഡിനേറ്റർ നിഖിൽ മോഹൻ അറിയിച്ചു .
കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയായ അതിർത്തി ഗ്രാമമായ രാജപുരം കുടിയേറ്റ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും ചെറിയ എയ്ഡഡ് കോളേജുകളിൽ ഒന്നാണ് സെന്റ് പയസ് ടെന്ത് കോളേജ്. 7 ബിരുദ കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്സും മാത്രമുള്ള കോളേജിൽ നിന്നും 82 വിദ്യാർഥികളുടെ നേട്ടം പ്രത്യേകതയുള്ളതാണ്. ബിരുദ കോഴ്സുകളോടൊപ്പം കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടി കോളേജിൽ നടക്കുന്നതിനാൽ, അധ്യാപകരുടെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ച് ഉന്നതങ്ങളിൽ എത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള സാഹചര്യങ്ങളിൽ നിന്നും വരുന്നവർ ആയതിനാൽ തുടർച്ചയായി മികവിന്റെ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് എത്തുവാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വലിയൊരു സവിശേഷതയാണ്. 8 വർഷങ്ങൾക്ക് മുൻപ് കോളേജിൽ എക്കണോമിക്സ് ബിരുദം പഠിച്ച രഞ്ജിത്ത് രാമചന്ദ്രൻ പിന്നീട് ഐഐടി മദ്രാസിൽ പഠിച്ചതിനുശേഷം ഐ ഐ എം റാഞ്ചിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി മാറിയതും, ഈ കുടിലിൽ ഒരു ഐഐഎം പ്രൊഫസർ ഇന്ന് ജനിച്ചിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പും വലിയ വാർത്തയായിരുന്നു. സൊസൈറ്റി ജനറൽ എന്ന ഫ്രഞ്ച് കമ്പനിയിൽ ഉന്നത പദവിയിലുള്ള ശരത് എം, കേന്ദ്ര ഗവൺമെന്റ് കമ്പനിയായ ഐടിഐ അസിസ്റ്റന്റ് ഫിനാൻഷ്യൽ മാനേജർ എം.ഗോകുൽ, എച്ച് എസ് ബി സി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജിനു ജോസഫ്, കോൾഗേറ്റ് കസ്റ്റമർ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ക്ലിന്റ് സെബാസ്റ്റ്യൻ തുടങ്ങിയവർ കോളേജിലെ പ്രത്യേക പരിശീലന പരിപാടിയിലൂടെ കോർപ്പറേറ്റ് ലോകത്ത് വിജയഗാഥ രചിച്ചവരാണ്. ലൂമിനറി എന്ന പേരിൽ വരും വർഷങ്ങളിലേക്കുള്ള പരിശീലന പരിപാടിയാണ് വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തത് .