കാലിച്ചാനടുക്കം മൂപ്പിലിൽ റോഡിൻ്റെ പാർശ്വഭാഗം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ.

രാജപുരം: കാലിച്ചാനടുക്കം മൂപ്പിൽ എന്ന സ്‌ഥലത്ത് പാർശ്വഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്‌ഥയിൽ. റോഡിൽ ചെറിയ വളവുള്ള സ്‌ഥലത്തെ വളവിനോട് ചേർന്ന് താഴ്‌ചയുള്ള ഭാഗത്താണ് മണ്ണിടിഞ്ഞിട്ടുള്ളത്. കാലങ്ങളായുള്ള മണ്ണിടിച്ചിൽ മൂലം ടാറിങ്ങിന് തൊട്ടടുത്ത് വരെ മണ്ണ് ഇളകിപ്പോയിരിക്കുകയാണ്. നിരവധി അപകടങ്ങൾ ഇവിടെ നടന്നതായി സമീപ വാസികൾ പറയുന്നു. റോഡ് പരിചയമില്ലാത്തവരാണ് അപകടത്തിൽ പെടുന്നത്. കാട് മൂടിക്കിടക്കുന്നതിനാൽ മണ്ണിടിഞ്ഞ് കുഴിയായത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്തതും അപകട കാരണമാകുന്നു. ദിവസങ്ങൾക്ക് മൂൻപ് വാഹനം ചരിഞ്ഞ് ഇവിടെയുള്ള വൈദ്യുതത്തൂണിൽ തട്ടി തൂണ് തകർന്നിരുന്നു. റോഡ് അപകട സ്‌ഥതിയിലുള്ളതിനാൽ പിന്നീട് കെഎസ്ഇബി അധികൃതർ വൈദ്യുതത്തൂൺ അവിടെ നിന്നും മാറ്റി സ്‌ഥാപിക്കുകയായിരുന്നു. ഇവിടെ പാർശ്വഭിത്ത് കെട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.