രാജപുരം: ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന എസ്.പി.സി. തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് പാണത്തൂർ ടൗണിൽ ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം രാജപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിജിത് .കെ. നിർവഹിച്ചു. മലയോര മേഖലയായ പാണത്തൂരിലും സമീപപ്രദേശങ്ങളിലും ചെറിയ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മദ്യത്തിനും ലഹരിവസ്തുക്കൾക്കും അടിമകളാകുന്ന ദുഃഖകരമായ സാഹചര്യം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കുട്ടികളും പൊതുസമൂഹവും ലഹരിക്കെതിരായ പോരാട്ടത്തിൽ തൂഫാൻ വാരിയേഴ്സായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് സീനിയർ കേഡറ്റ് ശ്രേത രാധാകൃഷ്ണൻ എസ്.പി.സി. തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാണത്തൂർ ടൗണിലെ വ്യാപാരികൾ, ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരും പ്രതിജ്ഞ ഏറ്റുചൊല്ലി പരിപാടിയുടെ ഭാഗമായി.
സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധുമോൾ കെ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റോബിൻ എം.കെ. സ്വാഗതവും എസ്.പി.സി. സി.പി.ഒ. ശശികല.പി നന്ദിയും പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.സി.സലീം, എം.പി.ടി.എ. പ്രസിഡന്റ് പുഷ്പ എന്നിവർ സംസാരിച്ചു. സൗമ്യ.സി.എൻ., കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജിന്റു ജോസ്, രക്ഷിതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
