രാജപുരം: വിദ്യാർഥികളിൽ പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തുകയെന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ കപ്പകൃഷി ആരംഭിച്ചു. പുതിയ തലമുറയ്ക്ക് കൃഷിയറിവുകൾ പകർന്നു നൽകാനും മണ്ണിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കാനുമാണ് എൻഎസ്എസ് യൂണിറ്റ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടത്.
കോളേജ് മാനേജറും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ ക്യാമ്പസിൽ കപ്പത്തൈ നട്ടുകൊണ്ട് കൃഷിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പഠനത്തോടൊപ്പം തന്നെ വിദ്യാർഥികൾ കാർഷിക സംസ്കാരത്തിന്റെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചടങ്ങിൽ ഓർമ്മിപ്പിച്ചു.
സെന്റ് പയസ് കോളേജ് പ്രോ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ, പ്രിൻസിപ്പാൾ ഡോ. ബിജു ജോസഫ്, ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിക്കുകയും കാർഷിക മുന്നേറ്റത്തിന് ആശംസകൾ നേരുകയും ചെയ്തു.
ക്യാമ്പസിലെ കാർഷിക പദ്ധതികൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അതുല്യ കുര്യാക്കോസ്, ഡോ. അഖിൽ തോമസ് എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ സി. ദേവിക, പ്രകീർത്ത് രാജ് മോഹൻ, കെ.ആനന്ദ്, എ.പി.അഭിജിത്ത് എന്നിവരും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കാർഷിക പദ്ധതികളിലേക്ക് ക്യാമ്പസിനെ നയിക്കാനാണ് എൻഎസ്എസ് യൂണിറ്റിന്റെ തീരുമാനം.
