രാജപുരം (കാസർഗോഡ്): കമ്പ്യൂട്ടേഷണൽ ബയോളജി, കെമോഇൻഫോർമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ ഡ്രഗ് ഡിസ്കവറി, മൈക്രോബയോളജി എന്നീ മേഖലകളിലെ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ പരിഗണിച്ച് രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിനോഷ് സ്കറിയാച്ചന്. ബയോഇൻഫോർമാറ്റിക്സ് ആൻഡ് ഡ്രഗ് ഡിസ്കവറി സൊസൈറ്റി ഏർപ്പെടുത്തിയ 2026 ലെ ദേശീയ യുവശാസ്ത്രജ്ഞ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി.
കർണാടകയിലെ മൈസൂരുവിലുള്ള നടന്ന അന്താരാഷ്ര കോൺഫെറെൻസിൽ വച്ച് ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ആദരപത്രം, പ്രശസ്തിപത്രം, സ്മാരകോപഹാരം, ക്യാഷ് അവാർഡ് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. നാഷണൽ സയൻസ് ചെയർ, ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ പ്രൊഫസർ, ശാസ്ത്ര-സാങ്കേതിക ഗവേഷണ ബോർഡിന്റെ (സെർബ്) വിശിഷ്ട ഫെലോ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പ്രൊഫ. ടി. പി. സിംഗ് മാർഗദർശകനായ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി ഡോ. സിനോഷ് സ്കറിയാച്ചനെ തിരഞ്ഞെടുത്തത്.
മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾക്കെതിരെ സാധ്യതയുള്ള ചികിത്സാ തന്മാത്രകളെ കമ്പ്യൂട്ടേഷണൽ രീതികളിലൂടെ കണ്ടെത്തൽ, രോഗാണുക്കളിൽനിന്നുള്ള ഔഷധലക്ഷ്യങ്ങളുടെ മാതൃകാനിർമാണവും സ്വഭാവനിർണയവും, സമുദ്രസ്പോഞ്ചുകളുമായി സഹജീവിതം പുലർത്തുന്ന ബാക്ടീരിയകളിൽനിന്ന് പുതിയ ബയോആക്റ്റീവ് സംയുക്തങ്ങൾ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിലെ ഗവേഷണ സംഭാവനകളാണ് ഈ അംഗീകാരത്തിന് അർഹമായത്. കമ്പ്യൂട്ടേഷണൽ ബയോളജിയുടെയും ഔഷധ കണ്ടെത്തൽ ഗവേഷണത്തിന്റെയും വിവിധ മേഖലകളെ സംയോജിപ്പിച്ചുള്ള അദ്ദേഹത്തിന്റെ മറ്റ് അന്തർവിഷയ പഠനങ്ങളും പുരസ്കാരനിർണയത്തിൽ പരിഗണിക്കപ്പെട്ടു. ഈ വിഷയങ്ങളിൽ150-ലേറെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000-ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നമായി തുടരുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് നേരിടുന്നതിനും ഗവേഷണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ അംഗീകാരം പ്രേരണയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് സർവകലാശാലയും എൽസിവിയർ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ മൂന്നാം തവണയും ഇടം നേടിയ ഡോ. സിനോഷ് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പരേതനായ വട്ടകുടിയിൽ വി.വി. സ്കറിയാച്ചന്റെയും ജാൻസി സ്കറിയാച്ചന്റെയും മകനാണ് ഡോ. സിനോഷ് സ്കറിയാച്ചൻ. ഫാമിലി കൗൺസിലറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ. ധന്യ പി. എലിസബത്താണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഉജ്വലും രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വലുമാണ് മക്കൾ. ചെറുപനത്തടി സ്വദേശിയായ ഡോ. സിനോഷ് നിലവിൽ കാഞ്ഞങ്ങാട് മണലിൽ താമസിക്കുന്നു.
