രാജപുരം: കൊട്ടോടി ഹയർ സെക്കൻ്ററി സ്കൂളിൽ ഒളിമ്പിക്സിനോടനുബന്ധിച്ച് ദീപശിഖ തെളിക്കലും ദീപശിഖ പ്രയാണവും ഒളിമ്പിക്സ് പ്രതിജ്ഞയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ബാലചന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ച യോഗത്തിൽ 13-ാം വാർഡ് മെമ്പർ ജോസ് പുതുശ്ശേരി കാലായിൽ ദീപശിഖ തെളിയിക്കുകയും ഹെഡ്മിസ്ട്രസ് ബിജി ജോസഫിന് കൈമാറുകയും ചെയ്തു. പ്രധാനധ്യാപിക ദീപശിഖ കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് – ജില്ലാ താരങ്ങളായ സാലോ സാബു, അലീന സ്റ്റീഫൻ, ശിവന്യ വി എന്നിവർക്ക് നൽകി. ഇവരുടെ നേത്യത്വത്തിൽ സ്കൂളിൻ്റെ 70-ാം വാർഷികത്തെ അനുസ്മരിപ്പിച്ച് 70 സ്കൂൾ കായിക താരങ്ങളുടെ അകമ്പടിയോടെ ഗാന്ധിജിയുടെ സ്മൃതി മണ്ഡപം ചുറ്റി കൊട്ടോടി ടൗണിലൂടെ ദീപശിഖ പ്രയാണം നടത്തുകയും സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ എല്ലാവരും ഒളിമ്പിക് ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. ഒളിമ്പിക്സിനോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ്ബ് നടത്തിയ ഒളിസിക്സിലെ ഗണിതം മെഗാ ക്വിസിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റൻറ് മെറീന ആൻറണി, സ്റ്റാഫ് സെക്രട്ടറി സുമതി എം, അധ്യാപകരായ അനിൽകുമാർ കെ , രാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.