രാജപുരം: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി
നവംബർ 9, 10 തീയതികളിൽ പാണത്തൂർ എ.കെ. നാരായണൻ നഗറിൽ നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4 മണിക്ക് പാണത്തൂരിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി മാവുങ്കാൽ കേന്ദ്രീകരിച്ച് 5000 ആളുകളെ പങ്കെടുപ്പിച്ച് പ്രകടനവും റെഡ് വളണ്ടിയർ മാർച്ചും നടക്കും. 2102 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 132 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഏരിയയിലെ 174 ബ്രാഞ്ച് സമ്മേളനങ്ങളും 12 ലോക്കൽ സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടി- കൊടിമര ജാഥകൾ എട്ടിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും റെഡ് വളണ്ടിയർമാരുടെയും അത്‌ലറ്റിക്കുകളുടെയും അകമ്പടിയോടുകൂടി സമ്മേളന നഗറിൽ എത്തിക്കും. പ്രതിനിധി നഗറിൽ ഉയർത്താനുള്ള കൊടിമരം പകൽ 2ന് മാനടുക്കം പി.ജി.വിജയൻ സ്മൃതിമണ്ഡപത്തിൽ നിന്നും ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്ത് പി.ജി.മോഹനൻ ലീഡറായി കൊണ്ടുവരും. പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പകൽ 11ന് കായക്കുന്ന് സി.നാരായണൻ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്ത് ടി .വി .ജയചന്ദ്രൻ ലീഡറായി കൊണ്ടുവരും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം കോടോം രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും പകൽ ഒരു മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.രാജൻ ഉദ്ഘാടനം ചെയ്ത് എം.സി.മാധവൻ ലീഡറായി കൊണ്ടുവരും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പൂതങ്ങാനം രക്തസാക്ഷി ആനക്കല്ല് ഗോവിന്ദൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്ത് ഇ.ദാമോദരൻ ലീഡറായി കൊണ്ടുവരും. വിവിധ ജാഥകൾക്ക് ഒടയംചാൽ,ചുള്ളിക്കര, പൂടംകല്ല്, രാജപുരം, കള്ളാർ, മാലക്കല്ല്, കോളിച്ചാൽ, പനത്തടി, ബളാന്തോട്, മാവുങ്കാൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി പാണത്തൂരിൽ സംഗമിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ എം.വി.കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, എം.സി.മാധവൻ, പി.തമ്പാൻ, ബിനു വർഗീസ് എന്നിവർ സംബന്ധിച്ചു.