
രാജപുരം : കൊട്ടോടി കക്കുണ്ടിൽ ആയുർവേദ ആശുപത്രിക്ക് സമീപം
തോടിനു കുറുകെ പാലവും തടയണയും വന്നതോടെ തോട് ജലസമൃദ്ധമായി. തോടിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ കർഷകരുടെ മനവും നിറഞ്ഞു. തടയണയിൽ പലകയിട്ട് വെള്ളം നിറഞ്ഞതോടെ തോടിന് ഇരുവശവുമുള്ള കർഷകർക്ക് യഥേഷ്‌ടം വെള്ളം ലഭിക്കുന്ന സ്‌ഥിതിയായി. സമീപത്തെ കിണറുകളിലും ജലനിരപ്പ് ഉയർന്നതായി നാട്ടുകാർ പറയുന്നു. അതേ സമയം തടയണയ്ക്ക് താഴെ ഭാഗത്തുള്ള പുഴ വരെയുള്ള കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയും നിലനിൽക്കുന്നു. പലകയിട്ടതിനാൽ നാമമാത്രമായ വെള്ളം മാത്രമാണ് തടയണയിൽ നിന്നും താഴേക്ക് ഒഴുകുന്നുള്ളു. താരതമ്യേന ഉയരം കുറഞ്ഞ പാലത്തിൽ മഴക്കാലത്ത് വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെ കൊട്ടോടി, ഗ്രാഡിപ്പള്ള നിവാസികളുടെ ഏറെ നാളത്തെ ആശ്യമായിരുന്നു തോടിന് കുറുകെയുള്ള ഉയരം കൂടിയ പാലം.