രാജപുരം: കേരളത്തിൽ തന്നെ ചെങ്കൽ പണകളും കരിങ്കൽ ക്വാറികളും കൂടുതലുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ തായന്നൂർ വില്ലേജിൽ വൻകിട ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
തായന്നൂർ വില്ലേജിൽ മലയാറ്റുകര എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ക്വാറിയാണ് നാട്ടുകാരുടെ ജീവിതത്തിന് ഭീഷണിയാകുന്നത്.
ഉരുട്ടിക്കുന്ന്, കുറ്റിയടുക്കം, തുമ്പക്കുന്ന്, മലയാറ്റുകര, കല്ലുവളപ്പ് ആദിവാസി ഊരുകൾക്ക് നടുവിലുള്ള മലയാണ് ക്വാറി മാഫിയ ഇടിച്ചു തുടങ്ങിയത്.
ക്വാറിക്ക് സമീപം താമസിക്കുന്നവരോട് അന്വേഷിക്കാതെ, തൊട്ടടുത്തുള്ള കുടുംബങ്ങളുടെ അനുമതിയില്ലാതെയാണ് ബന്ധപ്പെട്ടവർ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലയാറ്റുകര, ഉരുട്ടിക്കുന്ന് ഊരിലടക്കം പത്തിലധികം ശ്വാസകോശ , ഹൃദ്രോഗ , കിടപ്പു രോഗികളുണ്ട്. ഇവരുടെ ജീവന് തന്നെ ഭീഷണിയാണ് ക്വാറിയുടെ പ്രവർത്തനം, കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പൊതുവെ കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടെ ക്വാറിയുടെ പ്രവർത്തനം മൂലം കിണറുളിൽ വെള്ളം വറ്റി തുടങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു. വീടുകളിൽ കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ക്വാറമടയിൽ ഉഗ്ര സ്ഫോടനം നടക്കുന്ന സമയത്ത് വീടുകൾക്ക് ഞെടുക്കം സംഭവിക്കുന്നു. ക്വാറിയുടെ പ്രവർത്തനം തുടങ്ങുമ്പോൾ തന്നെ ദിവസേന 100 ൽ അധികം വലിയ 600 അടി ടിപ്പറുകളാണ് പരക്കം പായുന്നത്. ചെമ്മട്ടംവയൽ – കാലിച്ചാനടുക്കം പൊതുമരാമത്ത് റോഡിൽ നിന്നും 40 മീറ്റർ പോലുമില്ലാതെയാണ് ക്വറിയുടെ പ്രവർത്തനം.
ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിട്ടുള്ള മലയാറ്റുകരയിലെ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത് പുനപരിശോധിച്ച് എത്രയും പെട്ടന്ന് ക്വാറി നിർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വാർഡ് മെമ്പർ സജിതാശ്രീകുമാറിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കെ.ആർ സി തായന്നൂർ, ഷിൻസ് ജോർജജ് , രാജൻ എം.ഡി , വിജി വർഗ്ഗീസ്, അമ്പു എ.ഇ, മനോജ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
ക്വാറി വിരുദ്ധ സമിതി രൂപീകരിച്ചു. മധു നർക്കല ചെയർമാനായും, രമേശൻ മലയാറ്റുകര കൺവീനറായും 33 അംഗ സമര സമിതിയാണ് രൂപീകരിച്ചത്.
