രാജപുരം: ജനങ്ങളുടെ ജീവൻ നിലനിർത്താനായി ഒരു നാട് മൊത്തം നൂറ് ദിവസത്തിലധികമായി സമരം തുടരുമ്പോഴും പ്രാദേശിക ഭരണ സംവിധാനം മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തി ഒഴിഞ്ഞു മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആദിവാസി നേതാവ് സി.കെ.ജാനു കുറ്റപ്പെടുത്തി.
ദേശീയ പരിസ്ഥിതി മന്ത്രാലയവും , പൊലുഷൻ കൺട്രോൾ ബോർഡും ജിയോളജി ഡിപ്പാർട്ട്മെൻ്റ് അധികാരികളും മാഫിയാ സംഘത്തിൻ്റെ സാമ്പത്തിക രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ജനവാസ മേഖലയിൽ ഇത്തരം വൻകിട ക്വാറികൾക്ക് അനുമതി നൽകുമ്പോൾ, ആ പ്രദേശവുമായി ഏറ്റവും അടുപ്പമുള്ള പഞ്ചായത്ത് ഭരണസമിതി അത്തരം ക്വാറികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നിഷേധിക്കാൻ ജനാധിപത്യ മര്യാദ കാട്ടണം. അല്ലാതെ മുകളിൽ നിന്ന് കിട്ടിയ അനുമതിയുടെ പേരിൽ പഞ്ചായത്തും ക്വാറി മാഫിയക്ക് ഒപ്പം നിൽക്കുകയല്ല ചെയ്യേണ്ടത്. നിയമവിരുദ്ധമായി, പബ്ലിക് ഹിയറിംഗ് പോലും നടത്താതെ ആദിവാസികളടക്കം തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ ക്വാറിക്കെതിരെ സ്‌റ്റോപ്പ് മെമ്മോ കൊടുക്കാൻ ധൈര്യമില്ലെങ്കിൽ പഞ്ചായത്ത് ക്വാറി മാഫിയക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാടിനെ രക്ഷിക്കാൻ തയ്യാറാവണമെന്നും സി.കെ.ജാനു പറഞ്ഞു. എണ്ണപ്പാറ മലയാറ്റുകരയിലെ കരിങ്കൽ ക്വാറി നിർത്തണമെന്നാ വശ്യപ്പെട്ട് നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിൻ്റെ നൂറ്റി പന്ത്രണ്ടാം ദിവസം സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു സി.കെ. ജാനു. സമരസമിതി വൈസ് ചെയർമാൻ കെ ആർ സി തായന്നൂർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ രതീഷ് കാട്ടുമാടം, ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാക്കളായ ചന്ദ്രൻ പരപ്പ , സി.വി.ശിവദാസൻ , ഒ.കെ.പ്രഭാകരൻ, സുരേന്ദ്രൻ കാലിക്കടവ്, ആദിവാസി ഫോറം നേതാവ് കൃഷ്ണൻ മൂപ്പിൽ , ദലിത് ലീഗ് നേതാവ് മധു മൂപ്പിൽ, സുധീഷ് അടുക്കം, എം.ഡി രാജൻ, ചന്ദ്രൻ വേങ്ങച്ചേരി തുടങ്ങിയവർ സംസാരിച്ചു. രമേശൻ മലയാറ്റു കര സ്വാഗതവും സജിത ശ്രീകുമാർ നന്ദിയും പറഞ്ഞു.
