കൃഷിപ്പെരുമയുമായി കാലിച്ചാനടുക്കം ആലത്തടി വയലിൽ വിരുപ്പ് കൃഷിക്ക് വിത്തിട്ടു.

രാജപുരം: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ നെൽകൃഷി നടത്തി നൂറുമേനി വിളവ് കൊയ്യുന്ന കോടോം ബേളൂർ  പഞ്ചായത്തിന്റെ നെല്ലറയായ
കാലിച്ചാനടുക്കം ആലത്തടി വയലിൽ വിരിപ്പ് കൃഷിക്ക് വിത്തിട്ടു . പരമ്പരാഗത നെൽകൃഷിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ആലത്തടിയിലെ കർഷകൻ മാവുപ്പാടി ശ്രീധരന്റെ വയലിലാണ് വിരുപ്പ് കൃഷിക്കുള്ള വിത്തിടൽ നടന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്തിനനുസരിച്ച് കൃഷിരീതികൾ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുകയും ആധുനിക കൃഷിരീതികൾ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പരമ്പരാഗത കൃഷിരീതികൾ കൈമോശം വരാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി നാടിന് അന്നമൂട്ടുന്ന ശ്രീധരനെപ്പോലുള്ള കർഷകരുടെ സമർപ്പണം മാതൃകാപരമാണ് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ പറഞ്ഞു. നെൽവയലുകളും കൃഷിപാരമ്പര്യവും സംരക്ഷിക്കുന്നതിനും കർഷകർക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നതിനും കോടോം ബേളൂർ  പഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചടങ്ങിൽ അറിയിച്ചു. പരമ്പരാഗത കൃഷിക്ക് പുതുതലമുറയുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ ചൂണ്ടിക്കാട്ടി. കർഷകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.