തെരുവിൽ അപകടത്തിൽപ്പെട്ട പൂച്ചയ്ക്ക് കൈത്താങ്ങായി പ്ലസ് ടു വിദ്യാർത്ഥി; അഭിരാം സനലിന്റെ കരുതലിന് ആദരം

രാജപുരം: അപകടത്തിൽപ്പെട്ട് തെരുവിൽ അവശനിലയിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി മാതൃകയായിരിക്കുകയാണ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിരാം സനൽ
റോഡപകടത്തിൽ പരിക്കേറ്റ് കഴിയുന്ന പൂച്ചയെ കണ്ട അഭിരാം ഉടൻ തന്നെ അതിനെ രാജപുരം കള്ളാർ വെറ്ററിനറി ഡിസ്പെൻസറിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും ആശുപത്രിയുടെ പ്രവർത്തനസമയം കഴിഞ്ഞിരുന്നു ആയതിനാൽ പൂച്ചയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ സാധിച്ചില്ല.
എന്നാൽ പൂച്ചയെ ഉപേക്ഷിച്ച് മടങ്ങാൻ അഭിരാം തയ്യാറായില്ല. പൂച്ചയെ ആശുപത്രിയുടെ മുന്നിൽ സുരക്ഷിതമായി വെച്ചശേഷം, അതിന് ആവശ്യമായ ചികിത്സ നൽകണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും അറിയിച്ചുകൊണ്ട് ഒരു കുറിപ്പും പണവും അവിടെ വെച്ചാണ് മടങ്ങിയത്.
പിറ്റേന്ന് ആശുപത്രിയിലെത്തിയ ജീവനക്കാർ അഭിരാമിന്റെ കുറിപ്പും പണവും പൂച്ചയെയും കണ്ടെത്തി. എന്നാൽ നിർഭാഗ്യവശാൽ പൂച്ചയുടെ ജീവൻ രക്ഷിക്കാനായില്ല.
പൂച്ചയെ രക്ഷിക്കാൻ അഭിരാം കാണിച്ച മനുഷ്യത്വവും ഉത്തരവാദിത്വബോധവും ജീവനക്കാരുടെ ഹൃദയത്തെ സ്പർശിച്ചു. ഇതിനെത്തുടർന്ന് കള്ളാർ രാജപുരം വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ.അഫ്രീദ് എ ആർ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ലക്ഷ്മി രാജൻ, ബിബി.പി.എൻ , കൃഷ്ണാനന്ദ് എന്നിവർ ചേർന്ന് ഹയർ സെക്കന്ററി പ്രിന്‍സിപ്പല്‍ സജോ സൈമണിന്റെ സാന്നിധ്യത്തില്‍ അഭിരാം സനലിനെ ആദരിക്കുകയും ഉപഹാരം നൽകി അഭിനന്ദിക്കുകയും ചെയ്തു. കള്ളാർ പൊയ്കയിൽ വീട്ടില്‍ സനല്‍.പി.കെ – സജിത ദമ്പതികളുടെ മകനാണ് അഭിരാം സനൽ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി.
മിണ്ടാപ്രാണികളോടുള്ള കരുണയും സമയോചിതമായ ഇടപെടലും സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് ജീവനക്കാർ അഭിപ്രായപ്പെട്ടു.അടിയന്തര മൃഗചികിത്സാ സേവനത്തിന് 1962-ൽ വിളിക്കാം
ഓഫീസ് സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ മൃഗങ്ങൾക്ക് അടിയന്തര ചികിത്സാ സഹായം ആവശ്യമായി വന്നാൽ മൃഗസംരക്ഷണ വകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറായ 1962-ൽ വിളിച്ച് സഹായം തേടാവുന്നതാണ് എന്ന സന്ദേശവും വിദ്യാർത്ഥികൾക്ക് വെറ്ററിനറി സർജൻ നൽകി.