കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് കക്കിരി കൃഷി ആരംഭിച്ചു.

രാജപുരം : കോടോം ബേളൂർ കൃഷിഭവൻ പരിധിയിൽ കിസാൻ സർവീസ് സൊസൈറ്റി എന്ന കർഷക കൂട്ടായ്മ 2.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കക്കിരി കൃഷി ആരംഭിച്ചു. കൃഷി കേവലം ഒരു തൊഴിൽ മാത്രമല്ല നാടിന്റെ സംസ്കാരം കൂടിയാണെന്ന സന്ദേശവുമായി 25 ഓളം അംഗങ്ങൾ ഒത്തൊരുമയോടെ മണ്ണിൽ അധ്വാനിക്കുന്നത് വേറിട്ട കാഴ്ചയായി. സ്വന്തമായി ഉൽപാദിപ്പിച്ച ജൈവ ജീവാണു വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മഴക്കാലത്തു 2 ഏക്കർ സ്ഥലത്ത് കക്കിരി കൃഷി നടത്തിയിരുന്നു. നല്ല വിളവും, വിലയും ലഭിച്ചതിനാൽ ലാഭകരമായിരുന്നെന്ന് യൂണിറ്റ് പ്രസിഡന്റ് ജെസ്റ്റിൻ തോമസ് പറഞ്ഞു. 1 ഏക്കർ സ്ഥലത്ത് ചെയ്ത മഞ്ഞൾ കൃഷിയുടെയും വിളവെടുപ്പ് നടത്തി. നിലം ഒരുക്കൽ, ചാലുകീറൽ, ഡ്രിപ് ഇടീൽ, മുൾച്ചിങ് ഷീറ്റ് വിരിക്കൽ തുടങ്ങി എല്ലാ ജോലികളും രാജൻ ചക്കിട്ടടുക്കം, വി.പി.വിൻസ് എന്നിവരുടെ നേതൃത്വത്തിൽ സംഘാങ്ങങ്ങളെല്ലാവരും ചേർന്നാണ് ചെയ്തത്. എല്ലാ ദിവസവും 4:30 മണിക്ക് കൃഷിയിടത്തിൽ എല്ലാവരും എത്തിച്ചേരും 6:30 വരെ ഒരുമിച്ച് പണിയെടുക്കും. ഒത്തൊരുമയോടെയുള്ള ഇത്തരത്തിലുള്ള പ്രവർത്തനം കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റിനെ മാതൃകാപരമാക്കുന്നു. ഇവരുണ്ടാക്കുന്ന ജൈവ ജീവാണു വളത്തിനും ആവശ്യക്കാരേറെയാണ്. കൃഷി ഓഫീസർ കെ വി ഹരിത യഥാസമയം കൃഷിയിടം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത് പ്രോത്സാഹനമാവുന്നുണ്ടെന്നു സംഘാഗങ്ങൾ പറയുന്നു. ഇതോടൊപ്പം 1 ഏക്കർ സ്ഥലത്ത് ബത്തക്ക കൃഷികൂടി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൊസൈറ്റി. കക്കിരി കൃഷിയുടെ പ്രവർത്തനോത്ഘാടനം കെ. എസ്. എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.സി ജിജോമോൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജെസ്റ്റിൻ തോമസ് അധ്യക്ഷനായി, രാജൻ ചക്കിട്ടടുക്കാം, എ.ഒ.വർഗീസ്, വി.പി.വിൻസ്, പി.എം.ജോൺ എന്നിവർ സംസാരിച്ചു.

Leave a Reply