രാജപുരം: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം ജില്ലാതല ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സന്തോഷ് ബി ദിനാചരണ സന്ദേശം നൽകി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ രംഗത്തുമല, പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാകൃഷ്ണ ഗൗഡ, മെമ്പർമാരായ സൗമ്യ മോൾ പി കെ, പ്രീത കെ എസ്, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രവ്യ ടി.കെ, സിഡി എസ് ചെയർപേഴ്സൺ ചന്ദ്രമതി അമ്മ എന്നിവർ സംസാരിച്ചു
ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ ജെ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് പി, ജില്ലാ എപ്പിഡെമിയോളജിസ്റ് ഫ്ലോറി ജോസഫ് എന്നിവർ ക്ലാസെടുത്തു. കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
കരള്‍ വീക്കത്തിന് കാരണമാകുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്. ജീവന് തന്നെ അപകടകരമായ ഈ രോഗത്തെ കുറിച്ച് പൊതു ജനങ്ങളിൽ അവബോധം നല്‍കാനായി എല്ലാ വര്‍ഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഇതിലൂടെ അണുബാധ നേരത്തെ തന്നെ കണ്ടെത്തുന്നതിനെക്കുറിച്ചും രോഗം തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നു. 2030-ഓടെ ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഒരു കൂട്ടം അണുബാധകള്‍ ഈ രോഗത്തിനുണ്ട്. ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകള്‍ കണ്ടെത്താതെ പോകുന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ. വി അറിയിച്ചു.
