കൊട്ടോടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഏപ്രിൽ 6 ന് അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്”

രാജപുരം: കൊട്ടോടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വികസന സമിതി ധനശേഖരണാർത്ഥം ജില്ലാ വോളിബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റ് 2026 ഏപ്രിൽ 6ന് വൈകുന്നേരം 6 മണി മുതൽ കൊട്ടോടി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരികളായ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്
കെ.രജിത, പതിനാലാം വാർഡ് മെംബർ
ബിന്ദു ഗംഗാധരൻ, ചെയർമാൻ  ഉമ്മർ പൂണൂർ, ജനറൽ കൺവീനർ പി.ജി.പ്രശാന്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രാധാകൃഷ്‌ണൻ അഞ്ജനമുക്കൂട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂൾ വികസന നിധി സമാഹരണത്തിനായി നടത്തുന്ന പ്രസ്‌തുത ടൂർണമെൻ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആറ് പ്രമുഖ പുരുഷ ടീമുകൾ പങ്കെടുക്കും. ഇതോടൊപ്പം രണ്ട് വനിതാ ടീമുകളുടെ പ്രത്യേക മത്സരവും നടക്കും. ടൂർണമെൻ്റ് നടത്തിപ്പിനായി പിടിഎ പ്രസിഡൻ്റ് ഉമ്മർ പൂണൂർ പെയർമാനും, അധ്യാപകൻ  പി.ജി. പ്രശാന്ത് ജനറൽ കൺവീനറായും, എസ് എം സി ചെയർമാൻ  എ.ശശിധരൻ ഫിനാൻസ് കമ്മിറ്റി ചെയർമാനായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിജയികൾക്ക് ഒന്നാം സമ്മാനമായി 33333 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും ട്രോഫിയും നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.