ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അന്ന റെജിക്ക്യാത്രയയപ്പ് നൽകി കോട്ടോടി സെന്റ് ആൻസ് സ്കൂൾ.

​രാജപുരം: ഡൽഹിയിൽ നടക്കുന്ന 48-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന അന്ന റെജിക്ക് കോട്ടോടി സെന്റ് ആൻസ് സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. സ്കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് ഫാദർ സനീഷ് കയ്യാലക്കകത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മധുസൂദനൻ മങ്കത്തിൽ അധ്യക്ഷത വഹിച്ചു.
​അന്താരാഷ്ട്ര കായിക വേദിയിൽ രാജ്യത്തിന്റെയും സ്കൂളിന്റെയും നാടിന്റെയും പെരുമ വാനോളമുയർത്താൻ അന്നയ്ക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. കായിക അധ്യാപിക ടെസിമോൾ ജേക്കബ്, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
​കോട്ടോടി സെന്റ് ആൻസ് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ അന്ന റെജി, ഒടയഞ്ചാലിലെ റെജി ഫ്രാൻസിസ് – സോണിയ റെജി ദമ്പതികളുടെ മകളാണ്. മുൻ സംസ്ഥാന റഗ്ബി താരം കൂടിയായ അന്നയുടെ മികവ് തിരിച്ചറിഞ്ഞ പരിശീലകൻ മനോജ് പള്ളിക്കരയാണ് താരത്തെ പഞ്ചഗുസ്തി മേഖലയിലേക്ക് വഴിതിരിച്ചുവിട്ടതും പ്രത്യേക പരിശീലനം നൽകിയതും.
​കഴിഞ്ഞ രണ്ടു വർഷമായി ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത അന്ന, സംസ്ഥാന ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലാ ആം റസ്ലിങ്ങ് അസോസിയേഷന്റെ പൂർണ്ണ പിന്തുണയോടെ ഡൽഹിയിലേക്ക് തിരിക്കുന്ന ഈ കൊച്ചു മിടുക്കി ലോക ചാമ്പ്യൻഷിപ്പിലും മികച്ച വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ്.