രാജപുരം: സെൻറ് പയസ് ടെന്ത് കോളേജിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ അക്കാദമിക്ക് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. തുടർന്ന് നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനവും കോളേജിൽ നടന്നു. അധ്യാപക അനധ്യാപക ജീവനക്കാരുമായി മാർ തോമസ് ആനിമൂട്ടിൽ സംവദിച്ചു. പുതിയ കാലഘട്ടത്തിൻറെ വെല്ലുവിളികളെ ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ വിജയങ്ങൾ നേടുവാൻ രാജപുരം കോളേജിന് സമീപ കാലങ്ങളിൽ കഴിഞ്ഞത് നേട്ടമായി മാർ തോമസ് അനിമൂട്ടിൽ വിലയിരുത്തി .പശ്ചാത്തല സംവിധാന വികസനത്തോടൊപ്പം, അക്കാദമിക മേഖലയിൽ അധ്യാപകരും ജീവനക്കാരും കൈവരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊ മാനേജർ ഫാ.ജോയ് കട്ടിയാക്കങ്കൽ, ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, വൈസ് പ്രിൻസിപ്പാൾ ഡോ. ആശ ചാക്കോ, സൂപ്രണ്ട് സി. എമിലി, സ്റ്റാഫ് ക്ലബ് പ്രസിഡണ്ട് തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.
