പ്ലാസ്റ്റിക് വിഴുങ്ങി അവശ നിലയിലായ പശുവിനെ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.

രാജപുരം: പ്ലാസ്റ്റിക് വിഴുങ്ങി അവശ നിലയിലായ പശുവിനെ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി. പ്ലാസ്റ്റിക് അകത്ത് ചെന്ന് വയര്‍ വീര്‍ത്ത് മരണാസന്ന നിലയിലായ പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയില്‍ തോമസിന്റെ 3 വയസ് പ്രായമുള്ള പശുവിനെയാണ് കഴിഞ്ഞ ദിവസം വയറ് കീറിയുള്ള ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് പശു തീറ്റ എടുക്കാതെ അശ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. വയര്‍ വീര്‍ത്ത് വന്ന പശുവിന് ചൊവ്വാഴ്ച രാവിലെ രാജപുരം വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ ജിജിന്‍ നിര്‍ദേശിച്ച മരുന്ന് നല്‍കിയെങ്കിലും കുറവുണ്ടായില്ല. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡോ.ജിജിന്‍ എത്തി പരിശോധിച്ച് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ച് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശനിയാഴ്ച രാത്രി 9 മണിയോടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ.ഫാബിന്‍, ഡോ.റോഷന്‍ എന്നിവര്‍ എത്തി രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വയറില്‍ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പശുവിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

Leave a Reply