മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവിലെത്തി

രാജപുരം : മലയോരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവിലെത്തി. നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും ഓഗസ്റ്റ് 25ന് രാവിലെ 10. 30 ന് കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്‍മാന്‍ ബി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ രജത ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ മുഖ്യാതിഥിയാകും. സന്തോഷ് വി ചാക്കോ, ലീല ഗംഗാധരന്‍, പി ഗംഗാധരന്‍, രാജേഷ് കെ വി,എം എം സൈമണ്‍, എ കെ രാജേന്ദ്രന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, എ കെ മാധവന്‍, പ്രദീപ് ജോര്‍ജ് , എ ബാലചന്ദ്രന്‍, ജി ശിവദാസന്‍, ഇ കെ ഗോപാലന്‍, ശ്രീജ കെ തുടങ്ങിയവര്‍ സംസാരിക്കും.

സംഘാടക സമിതി കണ്‍വീനറും സ്‌കൂള്‍ പ്രധാനാധ്യാപികയുമായ രാജലക്ഷ്മി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശാന്തമ്മ ജോസഫ് നന്ദിയും പറയും. മെഗാ പൂക്കളം, അമ്മമാരുടെ തിരുവാതിര ,കലാ മത്സരങ്ങള്‍, ബെന്‍ 100 ഓര്‍ക്കസ്ട്ര ആന്‍ഡ് കരോക്കെ ഗാനമേള ടീം നയിക്കുന്ന മണിമേളം എന്നീ പരിപാടികള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. അമ്മ വായന, മെഗാ പൂക്കളം, അമ്മമാരുടെ തിരുവാതിര, ഗുരുദക്ഷിണ, ചങ്ങാതിക്കൂട്ടം, പ്രവര്‍ത്തി പരിചയ ശില്പശാല, വര്‍ണ്ണക്കൂട്ട് ,സഹവാസ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസുകള്‍, പഠനയാത്രകള്‍, യോഗാ ക്ലാസുകള്‍, കാരാട്ടെ ക്ലാസുകള്‍, ദൃശ്യവിരുന്ന്, കയ്യെഴുത്തു മാസിക, ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയ പ്രദര്‍ശനം, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്, പ്രീ പ്രൈമറി ക്ലാസുകള്‍ മെച്ചപ്പെടുത്തല്‍, സ്മാര്‍ട്ട് ക്ലാസ് റും ഒരുക്കല്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ പരിപാടികളും ജൂബിലി സ്മാരക പ്രവേശന കവാട നിര്‍മ്മാണവും ജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കും. മാര്‍ച്ച് ആദ്യവാരത്തോടുകൂടി പരിപാടികള്‍ക്ക് സമാപനമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രധാനാധ്യാപികയും സംഘാടകസമിതി കണ്‍വീനറുമായ രാജലക്ഷ്മി കെ, സംഘാടകസമിതി ചെയര്‍മാന്‍ വി കുഞ്ഞിക്കണ്ണന്‍, പിടിഎ പ്രസിഡന്റ് പ്രദീപ് ജോര്‍ജ്, എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.

Leave a Reply