
രാജപുരം : കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലൻ മലവേട്ടുവ വിഭാഗം പൂർവികരാൽ വാമൊഴിയായി കൊട്ടിപ്പാടി പരിശീലിച്ച് കൈമാറി വന്ന പരമ്പരാഗത ഗോത്ര കലയായ മംഗലം കളി സോഷ്യൽ മീഡിയ വഴി കണ്ടുപഠിച്ച് വികൃതമാക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിൻ്റെ യഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് ആ ഗോത്രകലയുടെ തനത് രൂപത്തെ അതിൻ്റെ തനിമ നഷ്ടപ്പെടുത്താതെ നിലനിർത്തുവാൻ ആരംഭിച്ച മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കിർട്ടാഡ്സ് ഡയറക്ടർ ബിന്ദു, ഡെപ്യൂട്ടി ഡയറക്ടർ ഡോ:കെ.എസ്.പ്രദീപ് കുമാർ, ഡോ.മധു നാരായണൻ ഉൾപ്പെടെയുള്ള ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് മാസക്കാലമായി നടത്തിവന്ന, പരിശീലകർക്കും, വിധികർത്താക്കൾക്കുമുള്ള മംഗലം കളി പരിശീലനവും ചരിത്ര സംവാദവുമായി ബന്ധപ്പെട്ട് പൂടങ്കല്ല് പൈനിക്കരയിലെ ജോയ്സ് ഹോംസ് സ്റ്റേയിൽ വെച്ച് ജൂൺ 27, 28 തീയ്യതികളിൽ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
മംഗലംകളി അക്കാദമി ചെയർമാൻ ഒ.കെ.പ്രഭാകരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി ഗുരുക്കന്മാർ തുടികൊട്ടി സ്തുതി പാട്ട് പാടി കണ്ണൻ ആനപ്പെട്ടി കരിങ്കല്ലിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുക്കന്മാരായ കണ്ണൻ ആനപ്പെട്ടി, കൃഷ്ണൻ പുളുവഞ്ചി, ശ്രീധരൻ കൊളത്തൂർ, മംഗലം കളി ഫോക്ക്ലോർ അവാർഡ് ജേതാക്കളായ .മാധവൻ അത്തിക്കോത്ത്, ഭാസ്ക്കരൻ ചേമ്പേന, എം.വി.അനന്തൻ എന്നിവരാണ് പരിശീലകർ.രണ്ട് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രേഖ നിർവ്വഹിച്ചു. കുഞ്ഞികൃഷ്ണൻ അമ്പിലാടി, സുരേഷ് മുണ്ടമാണി, ഊര് മൂപ്പൻ കൃഷ്ണൻ മയ്യങ്ങാനം, സുകു കമലപ്ലാവ്, പ്രൺജിത് കൃഷ്ണ ബങ്കളം,നിമിത കല്ല്യോട്ട് എന്നിവർ സംസാരിച്ചു. ഷിബു പാണത്തൂർ സ്വാഗതവും, രതീഷ് വെള്ളന്തട്ട നന്ദിയും പറഞ്ഞു.
ഒ.കെ പ്രഭാകരൻ (ചെയർമാൻ ) ഷിബു പാണത്തൂർ, സുകു കമലപ്ലാവ് (വൈസ് ചെയർമാൻ) എം വി അനന്തൻ (ജനറൽ സെക്രട്ടറി) രതീഷ് വെള്ളന്തട്ട (ജോയിൻ്റ് സെക്രട്ടറി)നമിത കല്ല്യോട്ട് (ട്രഷറർ) എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും
ശ്രീധരൻ കൊളത്തൂർ, കണ്ണൻ ആനപ്പെട്ടി, കൃഷ്ണൻ പുളുവഞ്ചി, ഭാസ്കര ചേമ്പേന, മാധവൻ അത്തിക്കോത്ത് എന്നിവരെ രക്ഷാധികാരിമാരായും തെരഞ്ഞെടുത്തു.