രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ ഓൾ കേരള ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കോളേജ് പ്രൊ മാനേജർ ഫാ.ജോയി കട്ടിയാങ്കൽ, ലോക്കൽ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ സീനിയർ പ്രൊഫസർ ഡോ. ബിജോയ് എസ്.നന്ദൻ മാനേജ്മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ് എന്നീ പ്രധാന മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടക്കും . ഒരു സ്കൂളിൽ നിന്നും 7 പ്രതിനിധികളുടെ ടീമിനെയാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രിൻസിപ്പാൾ ഡോ എം.ഡി.ദേവസ്യ അറിയിച്ചു. മികച്ച ക്യാഷ് പ്രൈസ് നൽകിക്കൊണ്ട് ഏറ്റവും മികച്ച മാനേജ്മെന്റ് കഴിവുകൾ ഉള്ള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ..ബിജു ജോസഫ് അറിയിച്ചു . കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ മികവിന്റെ കേന്ദ്രങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ ചരിത്രം രാജപുരം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് . കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ നാൽപ്പതിലധികം വിദ്യാർഥികൾ ഐഐടി, ഐ ഐ ഐ ടി, എം എൻ ഐ ടി , എൻ ഐ റ്റി തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടി. ഈ വർഷവും മികച്ച ഫലം പ്രതീക്ഷിക്കുന്നു. കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) സ്കോറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ ഈ നേട്ടങ്ങൾ കൈവരിക്കുന്നത്. ദേശീയതലത്തിലുള്ള മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതോടൊപ്പം ക്രിയാത്മകമായ മാനേജ്മെന്റ് പരിശീലനവും വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് ഫെസ്റ്റിലൂടെ നേടുവാൻ സാധിക്കും എന്നും നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾ ഹയർസെക്കൻഡറി സ്കൂളുകളിൽ അക്കാദമിക് വിനിമയം നടത്തണം എന്നുള്ള നിർദ്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് മാനേജ്മെന്റ് ഫെസ്റ്റ് നടത്തുന്നത് എന്നും സംഘാടകർ അറിയിച്ചു. സമാപന സമ്മേളനത്തിൽ പ്രധാന സ്പോൺസർ ആയ കാനറാ ബാങ്കിന്റെ ചുള്ളിക്കര ബ്രാഞ്ച് മാനേജർ ശ്യാം സുധി ക്യാഷ് പ്രൈസ് വിതരണം ചെയ്യും .വാർത്താസമ്മേളനത്തിൽ ഡോ.ബിജു ജോസഫ്, ഡോ.ഷിനോ പി.ജോസ്, ഡോ.സിജി സിറിയക്, ഡോ.അഖിൽ തോമസ്, പി.രാഗപ്രിയ, മുഹമ്മദ് റിനാസ്, ചഞ്ചൽ വർഗീസ്, പോൾസൺ സജി എന്നിവർ പങ്കെടുത്തു