രാജപുരം: കടകളിൽ സ്കൂൾ കുട്ടികൾ മൊബൈൽ ഫോൺ സൂക്ഷിക്കാൻ കൊടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒടയാഞ്ചാലിൽ നടത്തിയ മൊബൈൽ ഫോൺ റൈഡിൽ സ്കൂൾ കുട്ടികൾ ഏൽപ്പിച്ച എട്ടോളം വിലപിടിപ്പുള്ള i-ഫോണുകളും ആൻഡ്രോയ്ഡ് ഫോണുകളും പിടിച്ചെടുത്തു. രക്ഷിതാക്കളുമൊത്തു പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ അഡിക്ഷനെ കുറിച്ചും ഇന്റർനെറ്റ് ചതിക്കുഴികളെ കുറിച്ചും ക്ലാസ്സ് നൽകിയ ശേഷം കുട്ടികളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുകയും ഫോൺ തിരികെ നൽകുകയും ചെയ്തു. കടയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോൺ സൂക്ഷിച്ച കടയുടമയ്ക്ക് പോലീസ് ശക്തമായ താക്കീത് നൽകുകയും ആവർത്തിക്കുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കും എന്നുള്ള മുന്നറിയിപ്പും നൽകി. രാജപുരം സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിനോടൊപ്പം ശിശു സൗഹൃദ ഓഫീസർ എഎസ്ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിന്റോ, വിജിത്ത്, വിനോദ് എന്നിവർ റെയിഡിൽ പങ്കെടുത്തു.