
രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിലെ മണ്ണിടിച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മൈലാട്ടിയിലെ രാധാകൃഷ്ണൻ, ജിജി ജോർജ്ജ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാധാകൃഷ്ണൻ രാജപുരം വണ്ണാത്തിക്കാനത്തെ ബന്ധു വീട്ടിലും, ജിജി ജോർജ് ചെറുപുഴയിലുള്ള മകളുടെ വീട്ടിലേക്കുമാണ് താമസം മാറിയത്. പ്രദേശത്തെ നാല് കുടുംബങ്ങളാണ് അപകട ഭീഷണി നേരിടുന്നത്. ഇതിൽ ഒരു കുടുംബം നേരത്തെ തന്നെ ബളാലിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു. പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിജയകുമാർ സ്ഥലത്തെത്തി പ്രദേശത്തെ കുടുംബങ്ങളോട് ജാഗ്രത പാലിക്കുവാൻ നിർദ്ദേശിച്ചു. ഇന്നത്തെ ശക്തമായ മഴയിൽ പന്തിക്കാലിൽ എം ബാലകൃഷ്ണൻ്റെ ഷീറ്റിട്ട വാടക വീടിൻ്റെ മുകളിൽ കമുക് പൊട്ടിവീണ് വീട് ഭാഗികമായി തകർന്നു. ഷീറ്റ് പൊട്ടി വീട്ടിൻ്റെ രണ്ട് മുറികളിൽ വെള്ളം കയറി. പാണത്തൂരിലെ കെഎസ്ഇബി ജീവനക്കാരൻ കാട്ടൂർ ഗോപാലകൃഷ്ണൻ്റെ വീടിൻ്റെ പിൻഭാഗം മണ്ണിടിഞ്ഞു. സമീപത്തെ ഒരു തെങ്ങ് വീടിന് അപകട ഭീക്ഷണിയായി നിൽക്കുന്നു. പാണത്തൂർ പരിയാരത്തെ ഗഡിയിൽ പ്ലാൻ്റേഷൻ കോർപ്പറേഷൻ കശുമാവിൻ തോട്ടത്തിലേക്ക് നിർമ്മിച്ച റോഡിൽ നിന്നും ചെളിവെള്ളം കുത്തിയൊഴുകി പാണത്തൂർ കല്ലപ്പള്ളി റോഡിൽ നൂറ് മീറ്ററോളം ചെളി കെട്ടി നിന്ന് വാഹനഗതാഗതം ദുസ്സഹമായി. പാണത്തൂർ ഗഡിക്കാലിലെ ഇന്ദിര ദാമോധരൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണ് വീടിൻ്റെ ചിമ്മിനിയും വാട്ടർ ടാങ്കും തകർന്നു. വാർഡ് മെമ്പർ കെ.ജെ.ജയിംസിൻ്റെ നേതൃത്വത്തിൽ തെങ്ങ് മുറിച്ച് മാറ്റി.