രാജപുരം: കേരള സർക്കാർ പുറത്തിറക്കിയ ഗവൺമെന്റ് ഡോക്ടർമാരുടെ ഡ്യൂട്ടീസും റെസ്പോൺസിബിലിറ്റീസും സംബന്ധിച്ച പുതിയ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ (KGMOA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ വിവിധ ആശുപത്രികളിൽ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ.ആശയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ യൂണിറ്റ് കൺവീനർ ഡോ. അഭിജിത്ത് ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സമിതി അംഗം ഡോ.അരുൺറാം പുതിയ ഉത്തരവ് കത്തിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പനത്തടി താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഡോ.ഷിൻസി, സെക്രട്ടറി ഡോ.ശ്രുതി എന്നിവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക്, മംഗൽപാടി ബ്ലോക്ക് തുടങ്ങിയ വിവിധ ആശുപത്രികളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
പുതിയ ഉത്തരവ് സർക്കാർ ഡോക്ടർമാരുടെ ജോലി ഭാരം അന്യായമായി വർധിപ്പിക്കുന്നതും നിലവിലുള്ള സേവന സാഹചര്യങ്ങൾ പരിഗണിക്കാത്തതുമാണെന്ന് സംഘടന ആരോപിച്ചു. ഇതിനുമുമ്പ് തയ്യാറാക്കിയ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന പല നിർണായക നിർദേശങ്ങളും ഒഴിവാക്കി, ഡോക്ടർമാരുടെ അഭിപ്രായം തേടാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്നും കെജിഎംഒഎ ആരോപിച്ചു.
രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ മാനവവിഭവശേഷിയും ഉറപ്പാക്കാതെ ഡോക്ടർമാരുടെ മേൽ അധിക ചുമതലകൾ ചുമത്തുന്നത് ആരോഗ്യ സംവിധാനത്തെ തന്നെ ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ഡോക്ടർമാരുടെ യുക്തിസഹമായ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിക്കാതെ തികച്ചും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ ഈ ഉത്തരവ് ഉടൻ പിൻവലിച്ച് പുതിയ മാർഗ്ഗരേഖ തയ്യാറാക്കണമെന്ന് കെജിഎംഒഎ കാസർഗോഡ് ജില്ലാ ഘടകം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ സമര പരിപാടികൾക്ക് സംഘടന നിർബന്ധിതരാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ സർക്കാർ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഡോക്ടർമാരുടെ ജോലിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ യാഥാർത്ഥ്യബോധത്തോടെ നടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
