
രാജപുരം: തങ്ങളുടെ പാഠപുസ്തകത്തിൽ ഇടംനേടിയ കവി സ്കൂളിൽ എത്തിയപ്പോൾ കുട്ടികൾക്ക് വിസ്മയം. ബാനം ഗവ.ഹൈസ്കൂളിലെത്തിയ പ്രശസ്ത കവി വീരാൻകുട്ടിയാണ് കുട്ടികൾക്ക് കൗതുകമായത്. ഇദ്ദേഹത്തിന്റെ സ്മാരകം എന്ന കവിത ഒൻപതാം ക്ലാസിലും വാവ ജീവനെ കാക്കുന്നു എന്ന കവിത നാലാം ക്ലാസിലും പാഠപുസ്തകത്തിലുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനത്തിനാണ് വീരാൻകുട്ടി എത്തിയത്. പുതിയ കാലഘട്ടത്തിൽ നഷ്ടമാകുന്ന സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് പി.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ബാനം കൃഷ്ണൻ, പാച്ചേനി കൃഷ്ണൻ, പി.കെ ബാലചന്ദ്രൻ, അനിത മേലത്ത് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ നന്ദിയും പറഞ്ഞു.