മാലക്കല്ല് ടൗണിലെ നിർമാണം പൂർത്തിയാക്കാൻ വൈദ്യുത തൂണുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കണം.

രാജപുരം: ​മാലക്കല്ല് ടൗൺ വികസനത്തിന്റെ ഭാഗമായി നടക്കുന്ന ഐറിഷ് നിർമ്മാണത്തിന് കെ.എസ്.ഇ.ബി പോസ്റ്റുകൾ വില്ലനാകുന്നു. ടൗണിലെ നിർമ്മാണ സ്ഥലത്ത് നിൽക്കുന്ന ഒരു ഇലക്ട്രിക് പോസ്റ്റും അതിന്റെ സപ്പോർട്ടിങ് പോസ്റ്റുമാണ് വികസനത്തിന് തടസ്സമായി നിൽക്കുന്നത്. ഈ പോസ്റ്റുകൾ കാരണം നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
​ടൗണിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളെ ഈ പോസ്റ്റുകൾ ശാപമായി’ മാറ്റിയിരിക്കുകയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. ഐറിഷ് പണി പൂർത്തിയാകാത്തത് കാരണം ടൗണിലെ ഗതാഗതവും വ്യാപാരവും ദുസ്സഹമായി തുടരുകയാണ്. തുണ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ തുക അടക്കാത്തതാണ് തൂൺ മാറ്റാനുള്ള കാലതാമസമെന്ന് അധികൃതർ പറയുന്നു. അതേ സമയം ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടാണ് കാരണമെന്ന് വ്യാപാരികളും പറയുന്നു.
എത്രയും വേഗം പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന  സമിതി മാലക്കല്ല് യൂണിറ്റ്  അറിയിച്ചു.