മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ എണ്ണപ്പാറ ജനകീയ വികസന സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം ഏപ്രിൽ 7 ന് തുടങ്ങും

രാജപുരം: മലയാറ്റുകര ജനവാസ കേന്ദ്രത്തിൽ ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടനടി നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 7 ന് ചൊവ്വാഴ്ച രാവിലെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികളായ വാർഡ് മെമ്പറും രക്ഷാധികാരിയുമായ സജിത ശ്രീകുമാർ, കോടോം ബേളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് യു തമ്പാൻ നായർ എന്നിവർ പറഞ്ഞു. മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ചൂരപ്പടവ് , ഉരുട്ടിക്കുന്ന്. തുമ്പക്കുന്ന്, കല്ലുവളപ്പ് ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം 300 ൽ പരം കുടുംബങ്ങളുടെ നടുവിലായിട്ടാണ് വൻ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്.
ക്വാറിയിൽ ദിവസേന നൂറു കണക്കിന് ഇലക്ട്രിക് കേപ്പുകൾ ഉപയോഗിച്ചുള്ള ഉഗ്രൻ സ്ഫോടനങ്ങളിൽ, പൊതുവേ കുടിവെള്ള ക്ഷാമം രൂക്ഷമായി.
വീടുകൾക്ക് വിള്ളൽ സംഭവിക്കുന്നതായി ഭാരവാഹികൾ പറയുന്നു. സ്ഫോടനശബ്ദം പ്രദേശത്ത് കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ക്വാറിയുടെ പ്രവർത്തനം തുടർന്നാൽ താന്നൂർ വയലുകൾ അടക്കം വരൾച്ച ബാധിക്കും. ചെമ്മട്ടംവയൽ – കാലിച്ചാനടുക്കം റോഡിൽ നിന്നും 40 മീറ്റർ ദൂരത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്.
ക്വാറിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് പോലീസ്. ജിയോളജി അധികാരികൾ എൻക്വയറി നടത്തിയത് ക്വാറിയുടെ സ്ഥലമുടമയുടെ വീട്ടുജോലിക്കാരുടെയും, ബന്ധുക്കളുടെയും മൊഴികൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്.
കളക്ടർ, ജിയോളജി. റവന്യൂ വകുപ്പുകൾ, ജില്ലാ ബ്ലോക്ക്, കോടോം ബേളൂർ ഭരണസമിതി, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് എന്നിവിടങ്ങളിൽ പരാതി നൽകി. ഏപിൽ 7 മുതൽ അനിശ് ചിതകാല സത്യാഗ്രഹം ആരംഭിക്കും.
ജനകീയ സമിതി ചെയർമാൻ മധു നർക്കലയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത് നേതാവ് പ്രൊഫ് ഗാപാലൻ ഉത്ഘാടനം ചെയ്യും