പ്ലസ് വൺ പ്രവേശനോത്സവും മെറിറ്റ്ഡേ സെലിബ്രേഷനും നടത്തി

രാജപുരം: ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ കുട്ടികൾക്കുള്ള പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന മെറിറ്റ് ഡേ സെലിബ്രേഷനും സംയുക്തമായി നടത്തപ്പെട്ടു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് രജിത.കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോസ് അരിച്ചിറ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും വെള്ളിരിക്കുണ്ട് തഹസീൽദാറുമായ കെ.ബി.രാമു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.സൈമൺ, പി ടി എ പ്രസിഡണ്ട് പി.എൽ.റോയി, ഹെഡ്മാസ്റ്റർ സജി മാത്യു, വിദ്യാർത്ഥി പ്രതിനിധി കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. 19 ഫുൾ എ പ്ലസ് വിജയികൾക്ക് മെമൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. നവാഗതരെ കളഭം ചാർത്തിയും തിരി തെളിയിച്ചും സ്വീകരിച്ചു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി കരിയർഗൈഡ് മിനി ജോസഫ് ക്ലാസെടുത്തു. പ്രിൻസിപ്പാൾ സജോ സൈമൺ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ഷിജു പി.ലൂക്കോസ് നന്ദിയും പറഞ്ഞു.