രാജപുരം ഹോളി ഫാമിലിഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി നിറവിൽ

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക്  ജൂൺ 11ന് തുടക്കമാകും. രാവിലെ 10 മണിക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ അധ്യക്ഷത വഹിക്കും. രാജപുരം ഹോളി ഫാമിലി ചർച്ച് വികാരിയും സ്കൂൾ മാനേജറുമായ ഫാ.ജോസ് അരീച്ചിറ ചെയർമാനായും സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് ജനറൽ കൺവീനറായും പിടിഎ പ്രസിഡന്റ് കെ.എ.പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജൂബിലി വർഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഒരു വർഷം നീണ്ട് നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെറിറ്റ് ഡേ ആഘോഷം, സ്നേഹവീട് നിർമ്മാണം, രക്തദാന ക്യാമ്പ്, ഓൾ കേരള ഇന്റർ സ്കൂൾ പ്രസംഗ മത്സരം, പൂർവ്വ മാനേജർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സംഗമം, ഓൾ കേരള ഇന്റർ സ്കൂൾ മെഗാ ക്വിസ് മത്സരം, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. ഇതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സിൽവർ ജൂബിലി സ്മാരക കെട്ടിടത്തിന്റെ നിർമ്മാണവും ഈ ജൂബിലി വർഷം തന്നെ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പത്രസമ്മേളനത്തിൽ  ആഘോഷ കമ്മിറ്റി ചെയർമാൻ ഫാദർ ജോസ് അരീച്ചിറ, ജനറൽ കൺവീനർ ജോബി ജോസഫ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ.എം.സാലു, ജിജി കിഴക്കേപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply