ഊര് എന്ന പേര് നിലനിർത്തണം : സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമ്മീഷന് നിവേദനം.

രാജപുരം : പട്ടിക വർഗ്ഗ വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ മാറ്റിയുള്ള ഉത്തരവിൽ ഊര് എന്ന പേര് നിലനിർത്തണമെന്ന് വട്ടികവർഗ സംഘടനകൾ. ഊര് എന്നതിനു പകരം നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ നിർദ്ദേശിച്ചത് സ്വാഗതാർഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിർത്തണം എന്നാവശ്യപ്പെട്ട് വിവിധ പട്ടികവർഗ സംഘടനകൾ സംസ്ഥാന പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷന് നിവേദനം നൽകി. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങൾക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വർഗ്ഗക്കാർ എന്ന് വിളിക്കുന്നത്. ഇതിൽ തന്നെ പ്രാക്തന ഗോത്രവർഗ്ഗക്കാർ എന്ന വിഭാഗവും കൂടിയുണ്ട്. ഇങ്ങനെ പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന സ്ഥലത്തെയാണ് കേരളത്തിൽ ഊര് എന്ന് വിളിക്കുന്നത്. ഓരോ ആദിവാസി മേഖലകളുടെയും ത്രിതല പഞ്ചായത്ത് പദ്ധതികളും വനാവകാശ ഗ്രാമസഭകളുടെയും പ്രാക്തന ഗോത്ര പദ്ധതികളുടെയും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പരമാധികാര സമിതിയാണ് ഊരുകൂട്ടം. ആയതുകൊണ്ട് തന്നെ വിവിധ പദ്ധതികൾക്കായി ലഭിക്കുന്ന കേന്ദ്ര സഹായവും സംസ്ഥാന പട്ടികവർഗ്ഗ പദ്ധതികളെയും സർക്കാരിൻ്റെ ഈയൊരു പേരുമാറ്റം പ്രതികൂലമായി ബാധിക്കുമെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വിവിധ പട്ടികവർഗ്ഗ സംഘടനകൾക്ക് വേണ്ടി ഷിബു പാണത്തൂർ (ഗോത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം), കൃഷ്ണൻ മൂപ്പിൽ (ദളിത് സമുദായ മുന്നണി), ശങ്കരൻ മുണ്ടമാണി (മലവേട്ടുവ മഹാസഭ), നാരായണൻ കണ്ണാടിപ്പാറ ( കേരള ആദിവാസി ഫോറം), കെ.വി രാധാകൃഷ്ണൻ (പി.ആർ.ഡി.എസ്), ഷീബ കെ (ദളിത് മഹാസഭ), ഗോപി കുതിരക്കല്ല് (സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം), രാഘവൻ പരപ്പച്ചാൽ (ഗോത്ര ജനത), ചന്ദ്രൻ (ഗോത്ര ജനത) എന്നിവരാണ് നിവേദനം നൽകിയത്.

Leave a Reply