കാഞ്ഞിരടുക്കം പ്രദേശത്തിൻ്റെ പേരിനു പിന്നിലെ ചരിത്രം തേടി ഉർസുലൈൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ .

രാജപുരം : ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരമരത്തിൻ്റെ പേരുള്ള കാഞ്ഞിരടുക്കം പ്രദേശത്തിൻ്റെ പേരിനു പിന്നിലെ ചരിത്രം തേടി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. 64 വർഷം മുൻപ് പാല മരങ്ങാട്ട് പള്ളിയിൽ നിന്നും കുടിയേറിയ കാഞ്ഞിരടുക്കത്തെ പാറപ്പുറത്ത് മാത്യുവിൽ നിന്നാണ് കാഞ്ഞിടുക്കത്തിൻ്റെ പേരിനു പിന്നിലെ വിശേഷങ്ങൾ കുട്ടികൾ അറിഞ്ഞത്.  നിലവിൽ കാഞ്ഞിരടുക്കം ടൗൺ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആദ്യകാലത്ത് കുഞ്ഞമ്പു മണിയുടെ ചായക്കടയും, അന്തുമായിയുടെ മലഞ്ചരക്ക് കടയും മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാത്യു പറയുന്നു. ഇന്നു പ്രദേശം ഏറെ വികസിച്ചിരിക്കുന്നു. ടൗണിൽ വലിയൊരു കാഞ്ഞിരമരം ഉണ്ടായതു കൊണ്ടാണ് പ്രദേശത്തിനു കാഞ്ഞിരടുക്കം എന്ന പേര് വന്നത് എന്നാണ് ചരിത്രം. അടുക്കം എന്നാൽ പരന്ന പ്രദേശം എന്നാണർഥം. റോഡും വാഹന സൗകര്യവും ഇല്ലാത്തതിനാൽ കാൽനട യാത്രയായിരുന്നു ഏക ആശ്രയം. വർഷങ്ങൾക്ക് ശേഷമാണ് റോഡുണ്ടായതും പെരിയയിൽ നിന്നും കാഞ്ഞിടുക്കം ടൗണിലേക്ക് ബസ് സർവീസ് ആരംഭിച്ചതും.  റോഡ് മോശമായതിനാൽ ബസ് സർവീസ് നിർത്തി വച്ചതും തുടർന്ന് നാട്ടുകാർ പെരിയയിലെത്തി സമരം ചെയ്ത് സർവീസ് പുനരാരംഭിച്ചതും 82 വയസ്സായ മാത്യു ഓർത്തെടുത്തു. കാഞ്ഞിരമരത്തെ ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി കാഞ്ഞിരത്തെ പ്രഖ്യാപിച്ചത് കാഞ്ഞിരമരം ഏറെയുള്ള കാഞ്ഞിരടുക്കം പ്രദേശത്തുകാർക്കും കൂടി അഭിമാനമായി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യുവിൻ്റെ നിർദേശ പ്രകാരം ചരിത്രം തേടിയുള്ള യാത്രയ്ക്ക് അധ്യാപകരായ രവീന്ദ്രൻ കൊട്ടോടി, കെ.ശ്രീജ എന്നിവർ നേതൃത്വം നൽകി.

Leave a Reply