കള്ളാര്‍ പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം നടത്തി

രാജപുരം: കള്ളാര്‍ പഞ്ചായത്ത് പരിധിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. ജാഗ്രതാ പ്രവര്‍ത്തനം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ തുറക്കാം. വ്യാപാര-ധനകാര്യ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും എഴുതി സൂക്ഷിക്കണം. സ്വകാര്യ ക്ലിനിക്കുകളില്‍ തിരക്ക് നിയന്ത്രിക്കാനും നടപടിയെടുക്കും. കോവിഡ് രോഗം സ്ഥിരീകരിക്കുന്ന പ്രദേശങ്ങളെ 14 ദിവസം കണ്ടെയ്ന്‍മെന്റ് സോണാക്കി രോഗ പകര്‍ച്ച തടയും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എം.സൈമണ്‍, പെണ്ണമ്മ ജെയിംസ്, രാജപുരം ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, വില്ലേജ് ഓഫീസര്‍ എ.എസ്.ജയന്‍, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ, ഒക്ളാവ് കൃഷ്ണന്‍, വി.കുഞ്ഞിക്കണ്ണന്‍, എന്‍.മധു, പി.കെ.രാമചന്ദ്രന്‍, എ.കെ.രാജേന്ദ്രന്‍, കെ.ജെ.സജി എന്നിവര്‍ സംസാരിച്ചു.

Leave a Reply