സഞ്ചാരികളെ ആകര്‍ഷിക്കുന്ന റാണിപുരം പുല്‍മേട്
രാജപുരം: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനൊരുങ്ങി വനം വകുപ്പ്. എതിര്‍പ്പുമായി പഞ്ചായത്ത് അധികൃതര്‍. വനം വകുപ്പിന് കീഴിലുള്ള മറ്റ് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തുറന്നിരുന്നു. ഇതോടെയാണ് റാണിപുരവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലിന് ചേര്‍ന്ന പഞ്ചായത്ത് തല കോര്‍ കമ്മിറ്റി യോഗം ഈ മാസം 30 വരെ വിനോദ സഞ്ചാര കേന്ദ്രം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കോര്‍ കമ്മിറ്റി തീരുമാനം രേഖാമൂലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറുകയും കാഞ്ഞങ്ങാട് റേഞ്ച് ഓഫീസറെ അറിയിക്കുകയും ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനന്‍ പറയുന്നു. ഇതിനെ മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന റാണിപുരം വനസംരക്ഷണ സമിതി യോഗമാണ് കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. നിലവില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്താണ് പനത്തടി. യാതൊരു സുരക്ഷയുമില്ലാതെ കര്‍ണാടകയില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമടക്കം സഞ്ചാരികള്‍ റാണിപുരത്തേക്ക് എത്താന്‍ തുടങ്ങിയാല്‍ കോവിഡ് വ്യാപനം വേഗത്തിലാകുന്നതിന് കാരണമാകുമെന്ന് നാട്ടുകാരും പറയുന്നു. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിര്‍പ്പ് മറികടന്ന് വിനോദ സഞ്ചാര കേന്ദ്രം തുറക്കാനുള്ള തീരുമാനം വനംവകുപ്പ് പുനപരിശോധിക്കണമെന്നും പി.ജി.മോഹനന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചതെന്നും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും അഭിപ്രായം പരിഗണിച്ച് മാത്രമെ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുകയുള്ളൂവെന്നും റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്‍ അറിയിച്ചു.