രാജപുരം: പാണത്തൂരില്‍ കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ച സ്ഥലങ്ങള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ ഷിനോജ് ചാക്കോ സന്ദര്‍ശിച്ചു. പാണത്തൂര്‍ പരിയാരത്തെ ജോണ്‍സന്റെ തോട്ടത്തിലെ മുപ്പതോളം തെങ്ങും തൈകള്‍, മുന്നൂറോളം വാഴ എന്നിവയാണ് ആനകള്‍ നശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ മൈക്കിള്‍ പൂവത്താനി, മണ്ഡലം പ്രസിഡന്റ് സാജു പാമ്പയ്ക്കല്‍, ബാബു പാലാപ്പറമ്പില്‍ എന്നിവരും ജില്ലാ പഞ്ചായത്തംഗത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. വ്യക്തമായ നഷ്ടപരിഹാരം ഗവണ്മെന്റ് കൊടുക്കണമെന്നും, കര്‍ണാടകത്തില്‍ നിന്നും ഇറങ്ങി വരുന്ന ആനകള്‍ കേരളത്തില്‍ നഷ്ടമുണ്ടാക്കുന്നത് തടയുന്നതിനുള്ള സംവിധാനം കേരള ഗവണ്മെന്റ് കൈക്കൊള്ളണമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ആവശ്യപ്പെട്ടു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്‌നം അല്ല, കാലങ്ങളായി ഈ മേഖലയില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് ഇറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും, വ്യക്തമായ നഷ്ടപരിഹാരം കൊടുക്കാന്‍ കേരള ഗവണ്മെന്റോ കര്‍ണാടക ഗവണ്മെന്റോ തയാറായിട്ടില്ല എന്നും, കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടി പോരാടുന്ന ഈ സമയത്ത് കാട്ടാനയുടെ ശല്യം കൂടെ ആകുമ്പോള്‍ വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.