രാജപുരം: വിവേകത്തിലേക്ക് നട ക്കാനുള്ള സാര്‍ത്ഥകമായ വഴിയാണ് സാഹിത്യമെന്ന് പ്രഗല്‍ഭ പ്രഭാഷകന്‍ ഡോ. വത്സന്‍ പിലിക്കോട് അഭിപ്രായപ്പെട്ടു. ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം സംഘടിപ്പിച്ച കഥാ ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവ പുരോഗതിയുടെ പ്രയാണ വഴികളില്‍ കലയും സാഹിത്യവും ചെലുത്തിയ സ്വാധീനം വലുതാണ്. വിശ്വ മാനവീകതയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സാഹിത്യം ഇന്നും സമാനതകളില്ലാത്ത പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ എഴുത്തും വായനയും എല്ലാക്കാലത്തും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വായന വിവേകത്തിന്റെ അടയാളമാണെന്നും പുറംകാഴ്ചകള്‍ക്കൊപ്പം അകം കാഴ്ചകള്‍ കൂടി കാണാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിക്കാലം മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ വീട്ടിലിരുത്തിയെങ്കിലും സര്‍ഗ്ഗാത്മകത പൂത്തുലഞ്ഞതും ഇക്കാലയളവിലാണെന്ന് പുതു കവിതകളെയും കഥകളെയും ഉദാഹരിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുവ കഥാകൃത്ത് ഗണേശന്‍ അയറോട്ടിന്റെ ‘സ്‌നേഹപൂര്‍വ്വം’, ‘ചിന്നൂട്ടിയുടെ ബെല്ലിച്ചന്‍’ എന്നീ കഥകളാണ് ചര്‍ച്ച ചെയ്തത്. നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വിനോദ് ആലന്തട്ട വിഷയാവതരണം നടത്തി.
മെയ്‌സണ്‍ കളരിക്കല്‍ ചടങ്ങില്‍ മോഡറേറ്ററായി. ബാലചന്ദ്രന്‍ കൊട്ടോടി,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ബി.കെ സുരേഷ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍ , വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഗംഗാധരന്‍.കെ, യുവ കവയിത്രി വിമല അരീക്കര, കുമാരി വി.ഐശ്വര്യ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കാളികളായി.എം.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഥാകൃത്ത് ഗണേശന്‍ അയറോട്ട്, ഷാബു കെ വി , കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.