രാജപുരം: പാണത്തൂര്‍ പരിയാരത്ത് വച്ച് നാടിനെ നടുക്കിയ ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ നാടൊരുങ്ങിയതായി കുടുംബ സഹായനിധി കമ്മിറ്റി ഭാരവാഹികളായ
ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കണ്‍വീനര്‍ എം.എം.തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, പഞ്ചായത്തംഗം കെ.ജെ.ജയിംസ്, കെ.കെ. വേണുഗോപാല്‍, പി. തമ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന ഇവരുടെ വിയോഗം മൂലം പാവപ്പെട്ട നാല് കുടുംബങ്ങളാണ് അനാഥമായത്. ഇവരുടെ കുടുംബങ്ങളിലെ 7 കുട്ടികള്‍ രണ്ട് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ കുടുംബങ്ങളുടെ ദയനീയ അവസ്ഥ നമ്മളില്‍ പലരും നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണ്. ആ കുടുംബങ്ങള്‍ക്ക് ജീവിക്കുവാന്‍, ആ പിഞ്ചു കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് പിടിച്ചു കയറുവാന്‍ നമ്മുടെ സഹായം കൂടിയേ തീരൂ. .ഭാര്യയും ചെറിയ കുട്ടികളും, പ്രായമായ അമ്മമാരും ഉള്‍പ്പെടുന്ന ഇവരുടെ കുടുംബത്തെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കുകയാണ്. .ഇവരുടെ കുടുബത്തെ സഹായിക്കുന്നതിന് വേണ്ടി സമൂഹത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുകയാണ്. കുടുംബങ്ങളെ സഹായിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഒരു കുടുംബ സഹായ കമ്മറ്റി രൂപീകരിച്ച് കേരളാ ഗ്രാമീണ്‍ ബാങ്ക് പാണത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 40492101 054406 (IFSC KLGB 0040492) നിരാലംബരായ കുടുംബങ്ങളെ സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.