
രാജപുരം : രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന റാണിപുരം – പാറക്കടവ് പ്രദേശത്തെ സൗരോർജ്ജ വേലിയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു. റാണിപുരം മുതൽ പാറക്കടവ് വരെയുള്ള 3 കിലോമീറ്റർ വരുന്ന സൗരോർജ വേലിയുടെ അറ്റ കുറ്റപ്പണികളാണ് ആരംഭിച്ചത്. റാണിപുരത്ത് വന്യമൃഗ ശല്യം തടയുന്നതിന് 9.5 കിലോമീറ്റർ നീളത്തിലാണ് സൗരോർജ വേലി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 6.5 കിലോമീറ്റർ പ്രവർത്തനക്ഷമമാണെങ്കിലും 3 കിലോമീറ്റർ ഒരു വർഷത്തിലധികമായി തകർന്നു കിടക്കുകയായിരുന്നു. ഇതുമൂലം ആന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ ഇതുവഴി ഇറങ്ങി വ്യാപകമായ രീതിയിൽ കൃഷി നശിപ്പിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലകളിൽ ആന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിനോടും പഞ്ചായത്തിനോടും നിരന്തരം പരാതിപ്പെട്ടിട്ടും മാസങ്ങളായി അനുകൂല നടപടികൾ ഒന്നും ഉണ്ടായില്ല. വേലിയുടെ അറ്റകുറ്റപ്പണികൾക്കായി മാസങ്ങൾക്കു മുമ്പ് തന്നെ വനം വകുപ്പ് തുക അനുവദിച്ച് 3 തവണ ടെണ്ടർ ക്ഷണിച്ചെങ്കിലും ടെണ്ടർ നടപടിയിൽ പങ്കെടുത്ത് പ്രവൃത്തി നടത്താൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ കാസർഗോഡ് ഡി.എഫ്.ഒ. കെ. അഷറഫിന്റെ നിർദ്ദേശ പ്രകാരം റാണിപുരം വന സംരക്ഷണ സമിതിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനൻ, സെക്രട്ടറി ഡി. വിമൽ രാജ്, ട്രഷറർ എം. കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിഷ്ണു കൃഷ്ണൻ, ജി.സൗമ്യ, കെ.രതീഷ്, വി.എസ്.എസ്. മുൻ വൈസ് പ്രസിഡന്റ് അരുൺ ജാണു തുടങ്ങിയവർ നേതൃത്വം നൽകി.