രാജപുരം ബംഗളൂരു രാംനഗറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അട്ടേങ്ങാനം സ്വദേശി സുബിൻ (32), വയനാട് സ്വദേശിയും കോളിയാർ ക്വാറിയിലെ സൂപ്പർവൈസറുമായ അജിത്ത് (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ക്വാറിയിലേക്ക് ആവശ്യമായ സ്പെയർ പാർട്സുകൾ വാങ്ങുന്നതിനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. ക്വാറിയിലെ ഡ്രൈവറാണ് മരിച്ച സുബിൻ. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിൽ അതിശക്തമായി ഇടിച്ചാണ് തകർന്നത്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പരേതനായ താമരാക്ഷനാണ് സുബിന്റെ പിതാവ്. മാതാവ്: ബിന. സഹോദരി: സുബിത.
