രാജപുരം: വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് രാജപുരം ഹോളി ഫാമിലി എച്ച്.എസ്.എസ് സ്കൂളിൽ ഈ വർഷത്തെ വായനാദിനാചരണവും വായനാവാരോദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കുട്ടികളിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ഹോളി ഫാമിലി എച്ച്.എസ്.എസ് & എ.എൽ.പി.എസ് അസിസ്റ്റന്റ് മാനേജർ ഫാദർ ഓനായി മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുസ്തകങ്ങളാണ് മനുഷ്യനെ സംസ്കാരത്തിലേക്ക് നയിക്കുന്നതെന്നും വായനയിലൂടെ മാത്രമേ അറിവിന്റെ പുതിയ ലോകങ്ങൾ കീഴടക്കാൻ സാധിക്കൂ എന്നും അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.വായനാദിന പ്രതിജ്ഞ മലയാളം അധ്യാപിക ജിഷ ജോസ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
ഫാദർ എബ്രഹാം കണ്ടെത്തികുടിലിൽ (അസിസ്റ്റന്റ് വികാരി മാലക്കല്ല്)ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന പുസ്തക പരിചയ ചടങ്ങിൽ എൽവിസ് എ. വിനോദ്, വിഖ്യാത എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ “എ തൗസൻഡ് സ്പ്ലെൻഡിഡ് സൺസ്” (A Thousand Splendid Suns) എന്ന പ്രശസ്തമായ പുസ്തകം വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി.
വിദ്യാർത്ഥിനിയായ അൽന സോണിഷ് വായനാദിന സന്ദേശം നൽകിയപ്പോൾ, നന്ദന ഒ. എൻ ആലപിച്ച കവിത ചടങ്ങിന് മാറ്റുകൂട്ടി. ഹോളി ഫാമിലി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ നാടൻപാട്ടും വായനയുടെ പ്രമേയം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കിറ്റും കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. മലയാളം അധ്യാപകൻ റിങ്കു ജോസ് ചടങ്ങിൽ പങ്കെടുത്തവർക്കും പരിപാടി വിജയകരമാക്കാൻ പ്രവർത്തിച്ചവർക്കും നന്ദി രേഖപ്പെടുത്തിയതോടെ വായനാവാരോദ്ഘാടന ചടങ്ങുകൾക്ക് സമാപനമായി.
