രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ‘ഉണർവ് 2K26’ സവിശേഷ പരിശീലന പരിപാടിക്ക് തുടക്കമായി.

രാജപുരം: വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനുമായി കോട്ടയം അതിരൂപതയിലെ ഒഎസ്എച്ച് സമൂഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയായ ‘ഉണർവ് 2K26’ ന് രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായ തുടക്കം. ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത ഉണർവ് കോ-ഓർഡിനേറ്റർ ഫാ.ജെയ്സ് സണ്ണി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികൾക്ക് പഠനം ഒട്ടും ഭാരമല്ലെന്നും, കൃത്യമായ പരിശീലനത്തിലൂടെയും ശരിയായ ആസൂത്രണത്തിലൂടെയും ഏത് വലിയ വെല്ലുവിളികളെയും നേരിട്ട് മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.സാമുവൽ അനിമൂട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ചടങ്ങിന് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരുന്നു. ഉണർവ് സ്കൂൾ കൺവീനർ സിജോ കുര്യൻ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.