സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംയുക്ത പാസിംഗ് ഔട്ട് പരേഡ് രാജപുരത്ത് വച്ച് നടന്നു.

രാജപുരം : രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ 132 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് രാജപുരം ഹോളി ഫാമിലി പാരീഷ് ഹാൾ ഗ്രൗണ്ടിൽ നടന്നു. ജി.ഡബ്ല്യു.എച്ച്.എസ്. പാണത്തൂർ, ജി.എച്ച്.എസ്.എസ്. ബളാംതോട്, ഡോ.എ.ജി.എച്ച്.എസ്.എസ്. കോടോത്ത് എന്നീ സ്കൂളുകളിലെ കേഡറ്റുകളാണ് സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്.
കാസർഗോഡ് അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്.പി.സി പ്രൊജക്റ്റ് ജില്ലാ നോഡൽ ഓഫീസറുമായ ആർ.സന്തോഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ് ,കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് രജിത, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ജയചന്ദ്രൻ തുടങ്ങിയവരും, കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും. പ്രധാന അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ പ്ലാറ്റൂണുകളെ നയിച്ച കേഡറ്റുകളായ മനീഷ ബിനു, വൈഗ ഉമേഷ്, അനശ്വർ. എ.വി, ദേവനന്ദ സതീഷ്,
ഋഷികേശ്. കെ.രമേഷ്, അഞ്ജന ബാബു തുടങ്ങിയവർക്കും സ്കൂളുകളിലെ ഡി.ഐ മാർക്കും, എസ്.സി.പി.ഒ മാർക്കും അഡീഷണൽ പോലീസ് സൂപ്രണ്ട് ഉപഹാരങ്ങൾ നൽകി. ജില്ലാ നോഡൽ ഓഫീസർ രാമകൃഷ്ണൻ ( സബ് ഇൻസ്പെക്ടർ) കമാൻഡോകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രാജപുരം ഇൻസ്പെക്ടർ കെ.സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ ബിജു, ഭാസ്കരൻ നായർ, രാജപുരം ഹോളി ഫാമിലി ചർച്ച് വികാരി ഫാ.ജോസ് അരീക്കര തുടങ്ങിയവർ സംസാരിച്ചു.