രാജപുരം: നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എണ്ണപ്പാറ – ഏഴാംമൈൽജില്ലാ പഞ്ചായത്ത് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.
ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നാണ് ഏഴാം മൈൽ – എണ്ണപ്പാറ റോഡ്. വർഷങ്ങളോളം റീടാറിംഗ് പോലും നടത്താത്ത ഈ റോഡിൽ വീതി കുറവായതിനാൽ എണ്ണപ്പാറ പള്ളി മുതൽ നെടുകര വരെ അപകട ഭീഷണിയുള്ള ചെറിയ വളവുകളും വലിയ മൺതിട്ടകളുമാണുള്ളത്. എണ്ണപ്പാറ മുൻപള്ളി വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാരേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും, ക്ലബ്ബ് പ്രതിനിധികളേയും ഉൾപ്പെടുത്തി സമരസമിതി രൂപീകരിച്ച് ഇടപെട്ട തിനെ തുടർന്ന് ഈ റോഡ് കഴിഞ്ഞ വർഷം 10 ലക്ഷം രൂപ മുടക്കി പേച്ച് വർക്ക് നടത്തിയെങ്കിലും റോഡിന്റെ വീതി കൂട്ടി 10 മീറ്റർ മെക്കാഡം ടാറിംഗ് നടത്തണമെന്ന ആവശ്യം ബാക്കിയായി.
ഏഴാംമൈൽ മുതൽ മുക്കുഴി എസ് വളവിന്റെ തുടക്കം വരെ മെക്കാഡം ഒന്നാം റീച്ചിൽ ഉൾപ്പെടുത്തി ടാറിംഗ് ചെയ്തുവെങ്കിലും ബാക്കി ഭാഗം ടാറിംഗ് ചെയ്യാനുള്ള ആവശ്യം ഇതുവരെ യാതൊരു നടപടിയുമായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പത്തോളം സ്കൂൾ ബസുകളടക്കം നൂറിൽപരം ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതു വഴി ദിവസേന കടന്നുപോകുന്നത്. ചെറിയൊരു അശ്രദ്ധ പോലും അപകടം വിളിച്ചു വരുത്തുന്ന നെടുകര ഭാഗം ഉൾപ്പടെ മുക്കുഴി മുതൽ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തണമെന്ന് എണ്ണപ്പാറ എയിം സ്വയം സഹായസംഘം വാർഷിക ജനറൽ ബോഡി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.കെ.എം സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രമേശൻ മലയാറ്റുകര, പി. ആനന്ദൻ , എം.കണ്ണൻ തുടങ്ങിയവർ സംസാരിച്ചു
ഭാരവാഹികളായി സി.എകുഞ്ഞിക്കണ്ണൻ പ്രസിഡണ്ട് ), കെ.മനു (സെക്രട്ടറി), മാധവൻകുഴി ക്കോൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.